കോഴിക്കോട്: വിവാദ ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാടിനെ പരസ്യമായി എതിർത്ത് സി.പി.ഐ. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്ന് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
കേന്ദ്ര ഇടപെടൽ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറക്കാനാകില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. ഓർഡിനൻസിൽ വേണ്ടത്ര കൂടിയാലോചനകൾ എൽ.ഡി.എഫിനുള്ളിൽ നടന്നില്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
ഇടത് മുന്നണിയിൽ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടു വരണമായിരുന്നു. ക്യാബിനറ്റില്‍ പോലും ആവശ്യമായ ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ല. ലോകായുക്ത നിയമം വരുമ്പോൾ രാഷ്ട്രീയ ചർച്ച നടന്നിരുന്നു. ഭേദഗതി വരുമ്പോഴും അത് ഉണ്ടാകണമെന്നും സി.പി.ഐ നേതാവ് ചൂണ്ടിക്കാട്ടി.
സി.പി.എം മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ലോകായുക്ത ഓർഡിനൻസിനെതിരായ പ്രതിപക്ഷത്തിന്‍റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെയും നിലപാടുകൾക്ക് കോടിയേരി മറുപടി നൽകിയത്. ഓർഡിനൻസ് ബില്ലായി നിയമസഭയിൽ വരുമ്പോൾ ചർച്ച ചെയ്യാമെന്ന് കോടിയേരി വ്യക്തമാക്കുന്നത്.
നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തേത്. സംസ്ഥാന ഭരണം കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുത്താം. മന്ത്രിമാർ അടക്കമുള്ളവർക്കെതിരായ ആക്ഷേപത്തിൽ പിണറായി സർക്കാർ നടപടി സ്വീകരിക്കാറുണ്ടെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.