തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ബുധനാഴ്ച വിരമിക്കും. അദ്ദേഹത്തിെൻറ പകരക്കാരനെ ഇന്ന് മന്ത്രിസഭയോഗം തീരുമാനിക്കും. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, റോഡ് സേഫ്റ്റി കമീഷണർ എസ്. അനിൽകാന്ത് എന്നിവരാണ് പരിഗണനയിലുള്ളത്.
ഏകദേശം അഞ്ചുവർഷമായി ബെഹ്റയാണ് സംസ്ഥാന പൊലീസ് മേധാവി. പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർഫോഴ്സ് മേധാവി എന്നീ നാല് തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയുമാണ് അദ്ദേഹം. കേരള പൊലീസിൽ സാങ്കേതികവിദ്യയും ആധുനീകരണവും നടപ്പാക്കുന്നതിൽ ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. അതിനിടെ പല വിവാദങ്ങളിലും ഉൾപ്പെടുകയും ചെയ്തു.
1961 ജൂൺ 17ന് ഒഡിഷയിലെ ബെറംപൂരിലാണ് ബെഹ്റയുടെ ജനനം. 1985 ബാച്ചിൽ ഇന്ത്യൻ പൊലീസ് സർവിസിൽ കേരള കേഡറിൽ പ്രവേശിച്ചു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (എൻ.ഐ.എ) അഞ്ചുവർഷവും സി.ബി.ഐയിൽ 11 വർഷവും പ്രവർത്തിച്ചു.
ആലപ്പുഴയിൽ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊച്ചി സിറ്റി അസി. കമീഷണർ, കണ്ണൂർ എസ്.പി, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറ്, കൊച്ചി പൊലീസ് കമീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച ശേഷം കേരളത്തിൽ മടങ്ങിയെത്തി. 2016 ജൂൺ ഒന്നു മുതൽ സംസ്ഥാന പൊലീസ് മേധാവിയാണ്.
പരേതരായ അർജുൻ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കൾ. മധുമിത ബെഹ്റ ഭാര്യയും അനിതെജ് നയൻ ഗോപാൽ മകനുമാണ്. ബുധനാഴ്ച രാവിലെ എട്ടിന് പേരൂർക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.
ബെഹ്റക്ക് അഭിനന്ദനം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മികച്ച നേതൃത്വം നൽകിയ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദം. ആരോഗ്യ പ്രവർത്തകർക്കൊപ്പം പൊലീസ് സേന വഹിക്കുന്ന പങ്കാളിത്തം നിസ്തുലമാണ്. ബുധനാഴ്ച സർവിസിൽനിന്ന് വിരമിക്കുന്ന ബെഹ്റക്ക് ഭാവുകങ്ങൾ നേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.