വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. മാനന്തവാടിയിൽ പടമല പനച്ചിയിൽ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്. പ്രിയപ്പെട്ടവർ നോക്കിനില്ക്കവേയാണ് അജി അതിദാരുണമായി കൊല്ലപ്പെട്ടത്.

വന്യമൃഗങ്ങൾ മനുഷ്യരുടെ വാസസ്ഥലങ്ങളിൽ ഇറങ്ങി അക്രമംകാണിക്കുന്നതു തടയാൻ ഫലപ്രദമായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കാത്തതിനാലാണ് ഒരു ജീവൻകൂടി നഷ്ടമായത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ മാതൃകപരമായ നടപടി സ്വീകരിക്കണം.

വന്യമൃഗങ്ങൾ ജീവനെടുക്കുന്നതും കൃഷിനശിപ്പിക്കുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരവകരമായ സമീപനം ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ടതാണ്. മൃഗങ്ങളുടെ ജീവനെക്കാൾ മനുഷ്യജീവനു പ്രാധാന്യം കൊടുക്കാത്ത സമീപനം ഒരു പരിഷ്കൃതസമൂഹത്തിനു ചേരുന്നതല്ല.

മലയോരമേഖലകളിൽ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതികൾ രൂപീകരിക്കാൻ സർക്കാർ ഇനിയും കാത്തിരിക്കുന്നതു ജനങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടുമുള്ള നിസംഗതയായി കാണേണ്ടിവരുമെന്നു മേജർ ആർച്ചുബിഷപു പറഞ്ഞു. അതിദാരുണമായ വിധത്തിൽ ജീവൻ നഷ്ടപ്പെട്ട അജിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നതായും മേജർ ആർച്ചുബിഷപ് അറിയിച്ചു.

Tags:    
News Summary - Loss of human life in wild animal attacks is unacceptable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.