വിവരങ്ങള്‍ മാഞ്ഞുപോകുന്നു; എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് തിരിച്ചുവിളിച്ചു 

തിരുവനന്തപുരം: വിവരങ്ങള്‍ മാഞ്ഞുപോവുന്നതിനെ തുടർന്ന് പുതിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പ് തിരിച്ചു വിളിച്ചു. പരാതിയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണമെന്ന് പരീക്ഷാ സെക്രട്ടറി സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവാരമില്ലാത്ത അച്ചടിയാണ് വിവരങ്ങള്‍ മാഞ്ഞുപോകാന്‍ കാരണമെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

എ പ്ലസ് നേടിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിയുടെ എസ്.എസ്.എല്‍.സി ബുക്കിലെ വ്യക്തി വിവരങ്ങളും ഗ്രേഡുമെല്ലാം മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം പത്താംതരം വിജയിച്ച കുട്ടികള്‍ക്ക് ലഭിച്ച എസ്.എസ്.എല്‍.സി ബുക്കില്‍ നിന്ന് വിവരങ്ങള്‍ മായുന്നു എന്ന പരാതി വ്യാപകമാണ്. അക്ഷരങ്ങള്‍ തൊട്ടാല്‍ കൈവിരലില്‍ മഷി പതിയുന്ന അവസ്ഥയാണ്​. 

വിദ്യാർഥികൾ പരാതിയുമായി പരീക്ഷാഭവനില്‍ എത്തിയതോടെയാണ് ഇത്തരം സർട്ടിഫിക്കറ്റ് തിരിച്ചെടുത്ത് പുതിയത് വിതരണം ചെയ്യാൻ തീരുമാനിച്ചത്. പ്രിൻറ് തെളിയാത്തതോ ഒപ്പോ സീലോ ഇല്ലാത്തതോ ആയ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ അധികൃതര്‍ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർ വഴി അയച്ച് ഉടന്‍ മാറ്റിവാങ്ങണമെന്നാണ് പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍. തീരെ നിലവാരം കുറഞ്ഞ പ്രിന്റിംഗാണ് വിവരങ്ങള്‍ മായുന്ന അവസ്ഥക്ക് കാരണമായതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. 

ജീവിതകാലം മുഴുവന്‍ ഉപയോഗിക്കേണ്ട സുപ്രധാന രേഖയായ എസ്.എസ്.എല്‍.സി ബുക്ക് അച്ചടിയിലുണ്ടായ പ്രശ്നങ്ങള്‍ ഉപരിപഠനത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.

Tags:    
News Summary - Low Quality SSLC Certificate -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.