തില്ലങ്കേരി: പ്രസ്ഥാനം നിറഞ്ഞു നിൽക്കുന്ന തില്ലങ്കേരി പോലൊരു സ്ഥലത്തെ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി, ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന് രോമാഞ്ചം കൊള്ളുകയാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ. ആകാശ് തില്ലങ്കേരി എന്ന ക്വട്ടേഷൻ സംഘത്തലവനോ അവനെ പിൻപറ്റി ജീവിക്കുന്ന പരാന്നഭോജികളോ പാർട്ടി സഖാക്കളെ അക്രമിക്കുകയോ അപഹസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ എന്താണ് ഈ പ്രസ്ഥാനമെന്ന് നാട് കാട്ടിത്തരുമെന്നും തില്ലങ്കേരിയിൽ നടന്ന പൊതുയോഗത്തിൽ ഷാജർ പറഞ്ഞു.
‘രക്തസാക്ഷിയുടെ സഹോദരിയെ പോലും പച്ചയ്ക്ക് അപമാനിക്കാൻ വന്ന ആകാശേ, സഖാവ് ബിജൂട്ടിയെ കൊലപ്പെടുത്തിയ ആർഎസ്എസിനെക്കാൾ ഞങ്ങൾക്ക് ശത്രു നിങ്ങളാണ്. ആകാശ് തില്ലങ്കേരി എന്ന ക്വട്ടേഷൻ സംഘത്തലവനോ അവനെ പിൻപറ്റി ജീവിക്കുന്ന പരാന്നഭോജികളോ തില്ലങ്കേരിയിലെ ഏതെങ്കിലും പാർട്ടി പ്രവർത്തകനെ അപഹസിക്കാനോ ആക്ഷേപിക്കാനോ മറ്റെന്തിനെങ്കിലും മുന്നോട്ടുവന്നാൽ എന്താണ് ഈ പ്രസ്ഥാനമെന്ന് ഈ നാട് കാട്ടിത്തരും. ഈ പ്രസ്ഥാനം പറഞ്ഞ ഒന്നിലും പങ്കെടുക്കാത്തവനാണ് നീ. ഇനി തില്ലങ്കേരിയുടെ പേരിൽ ഒരു കൊടുംക്രിമിനലും അറിയപ്പെടില്ല. നിന്റെ തലയിൽ ഇനി ഒരു ചുവപ്പും കെട്ടില്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ എഴുതണ്ട. ‘ഞങ്ങൾ പാർട്ടിക്കെതിരല്ല’ എന്ന് ഇന്നലെയും അവൻ എഴുതി. നിങ്ങൾ പാർട്ടിയല്ല എന്ന് പറഞ്ഞാൽ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നത്? നിങ്ങളെ ഈ പാർട്ടിക്കിന്ന് വേണ്ട. നിങ്ങൾ തൃണമാണ് തൃണം. ആർ.എസ്.എസിനെ പ്രതിരോധിക്കാൻ ഈ പ്രസ്ഥാനത്തിനകത്ത് ആണുങ്ങളുണ്ട്. നിങ്ങളെ പോലെ ക്രിമിനൽ സംഘത്തെ വേണ്ട”-ഷാജർ പറഞ്ഞു.
ആകാശിന്റെയും സംഘത്തിന്റെയും ആരാധ്യനേതാവായ പി ജയരാജനും, പാർട്ടി ജില്ല സെക്രട്ടറി എംവി ജയരാജനും പൊതുയോഗത്തിൽ ആകാശിനെതിരെ രൂക്ഷമായാണ് പ്രസംഗിച്ചത്. ആകാശും സംഘവുമല്ല, തില്ലങ്കേരിയിലെ പാര്‍ട്ടി നേതൃത്വവും അംഗങ്ങളുമാണ് സിപിഎമ്മിന്റെ മുഖമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ആകാശാണ് പാര്‍ട്ടി മുഖമെന്ന് വരുത്തി തീര്‍ക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും പി ജയരാജന്‍ പറഞ്ഞു.
തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെങ്കില്‍ അത് അഭിമുഖീകരിക്കും. സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല. ക്വട്ടേഷന്‍കാരുടെ സഹായവും സേവനവും സിപിഎമ്മിന് വേണ്ട. ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് താന്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ്. ഷുഹൈബ് വധക്കേസില്‍ പ്രതികളായ എല്ലാവരെയും പാര്‍ട്ടി പുറത്താക്കിയതാണെന്നും വധത്തെ സിപിഎം നേരത്തെ തള്ളിപ്പറഞ്ഞതാണെന്നും പി ജയരാജന്‍ വ്യക്തമാക്കി. ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നും ആകാശ് തില്ലങ്കേരി പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.
പാർട്ടി ലോക്കല്‍ സെക്രട്ടറി ഷാജി, ആകാശിന്റെ പിതാവ് വഞ്ഞേരി രവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.