‘12 ബാങ്കിൽ അക്കൗണ്ട്, കോടികളുടെ ഇടപാട്, ഉടൻ മുംബൈയിലെത്തണം’ -വ്യാജന്മാർ വിളിച്ചപ്പോൾ ഒരുസെക്കൻഡ് ഫ്രീസായി പോയെന്ന് മാലാ പാർവതി

കോഴിക്കോട്: മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന പേരിൽ തന്നെ വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് ഫോൺ വിളിച്ച് പറഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഒരുസെക്കൻഡ് ഫ്രീസായി പോയെന്ന് നടി മാല പാർവതി. എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നും മറ്റും ഡി.എച്ച്.എൽ കൊറിയർ സർവിസ് വഴി തായ്‍വാനിലേക്ക് അയക്കുന്നതിനിടെ പിടിയിലായി എന്നു പറഞ്ഞായിരുന്നു കോൾ വന്നത്. ഡി.എച്ച്.എൽ ജീവനക്കാരനായ വിക്രം സിങ് എന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. നടിയുടെ ആധാർ കാർഡി ദുരുപയോഗം ചെയ്താണ് കൊറിയർ അയച്ചിരിക്കുന്നതെന്നും മുംബൈ പൊലീസിന്റെ ഹോട്ട് ലൈനിൽ കോണ്ടാക്ട് ചെയ്ത് പ്രശ്നം പരിഹരിക്കാമെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു.

ഉടൻ മുംബൈ പൊലീസിലെ പ്രകാശ്കുമാർ ഗുണ്ടു എന്ന് പരിചയ​പ്പെടുത്തിയയാൾക്ക് കോൾ ​കണക്ട് ചെയ്തു. എന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് താവാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. 200 ഗ്രാം എം.ഡി.എം.എ, അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ് തുടങ്ങിയവയാണ് പിടിയിലായതെന്നും അയാൾ പറഞ്ഞു. അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു.

12 ബാങ്കിൽ നിങ്ങളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നുവെന്നും അവർ പറഞ്ഞു. ഉടൻ മുംബൈയിൽ എത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഇപ്പോൾ എത്താൻ കഴിയില്ലെന്ന് പറഞ്ഞു. സംഭവത്തിൽ മുംബൈയിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐ.ഡി കാർഡ് അടക്കം അവർ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവിൽ ഇരുത്തി. വളരെ സീരിയസായിട്ടാണ് അവർ കാര്യങ്ങൾ പറയുന്നത്. ഇത് കേട്ടപ്പോൾ ഒരുസെക്കൻഡ് ഫ്രീസായി പോയി. അതിനിടെ ​ഞാൻ ഗൂഗ്ൾ ചെയതപ്പോൾ പ്രകാശ് കുമാർ ഗുണ്ടു അയച്ച ഐ.ഡി കാർഡിൽ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലായി. ഇയാളുടെ പേരിൽ തട്ടിപ്പ് നടക്കുന്നു​വെന്ന ട്വീറ്റും വായിച്ചു. ഇതിനിടെ, ട്രാപ്പാണ് ഇതെന്ന് എന്റെ മാനേജറും പറയുന്നുണ്ടായിരുന്നു. ഇതോടെ ഞങ്ങളുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർക്ക് ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവർ കട്ട് ചെയ്തു പോയി -നടി പറഞ്ഞു. സമയോചിതമായി ബുദ്ധിപരമായി ഇടപെട്ടതിനാൽ പണം നഷ്ടമായിലെലന്നും ഇവർ കൂട്ടിച്ചേർത്തു.

മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ശേഷം രാവിലെ 10 മണിയോടെയായിരുന്നു കോൾ വന്നത്. 72 മണിക്കൂർ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവർ പറഞ്ഞതെന്നും മാലാ പാർവതി പറഞ്ഞു.

Tags:    
News Summary - Maala Parvathi about virtual arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.