ബംഗളൂരു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഞായറാഴ്ച കേരളത്തിലെത്തുന്നു. ബുധനാഴ്ച നടക്കുന്ന മൂത്ത മകൻ ഉമർ മുഖ്താറിെൻറ വിവാഹത്തിൽ പെങ്കടുക്കാനും അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാനുമായി ഇൗ മാസം ആറു മുതൽ 19 വരെയാണ് നാട്ടിൽ തങ്ങാൻ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. കേരളയാത്ര മുടക്കാനുള്ള കർണാടക പൊലീസിെൻറ ശ്രമങ്ങളെ സുപ്രീംകോടതിയുടെ ഉത്തരവിലൂടെ മറികടന്നാണ് മഅ്ദനിയെത്തുന്നത്. ഞായറാഴ്ച രാവിലെ ബംഗളൂരു ബെൻസൺ ടൗണിലെ താമസസ്ഥലത്തുനിന്ന് മഅ്ദനി സഹായികൾക്കും സുരക്ഷ ജീവനക്കാർക്കുമൊപ്പം യാത്ര പുറപ്പെടും. ഉച്ചക്ക് 2.20ന് െകംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് പറക്കും. വൈകീട്ട് 3.30ന് നെടുമ്പാശ്ശേരിയിലെത്തിയശേഷം വാഹനമാർഗം കരുനാഗപ്പള്ളി അൻവാർശ്ശേരിയിലെ വീട്ടിലേക്ക് തിരിക്കും.
ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി, ബന്ധുവും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, സർക്കിൾ ഇൻസ്പെക്ടർമാരായ രമേശ്, ഉമശങ്കർ എന്നിവരാണ് വിമാനയാത്രയിൽ അനുഗമിക്കുക. ബാക്കി 17 സുരക്ഷ ഉദ്യോഗസ്ഥർ റോഡുമാർഗം കൊച്ചിയിലെത്തും. ശനിയാഴ്ച രാവിലെ ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഒാഫിസിലെത്തിയ മഅ്ദനിയുടെ അഭിഭാഷകൻ ഉസ്മാൻ 1.18 ലക്ഷം രൂപയുടെ ഡി.ഡി കമീഷണർ സുനിൽകുമാറിന് ൈകമാറി. മഅ്ദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു.
ദിനേനയുള്ള യാത്രവിവരങ്ങൾ കൂടെയുള്ള ഉദ്യോഗസ്ഥർക്ക് നൽകുമെന്നും കമീഷണറെ അറിയിച്ചു. ബുധനാഴ്ച രാവിലെ 11.30ന് തലശ്ശേരി നഗരസഭ ടൗൺഹാളിൽ നടക്കുന്ന വിവാഹച്ചടങ്ങിനായി മഅ്ദനി ചൊവ്വാഴ്ച അൻവാർശ്ശേരിയിൽനിന്ന് പുറപ്പെടും.
വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ഒമ്പതുവരെ കൊല്ലം ടൗൺഹാളിൽ നടക്കുന്ന വിവാഹവിരുന്നിലും അദ്ദേഹം പെങ്കടുക്കും.
കേരളത്തിലേക്കുള്ള പൊലീസ് അകമ്പടിക്ക് ചെലവായി കർണാടക സർക്കാർ 14.8 ലക്ഷം രൂപ കണക്കാക്കിയതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച മഅ്ദനിയുടെ വാദം അംഗീകരിച്ച കോടതിയുടെ ഇടപെടലാണ് യാത്ര സാധ്യമാക്കിയത്. കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ചെലവ് ചുരുക്കി കണക്ക് നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 1.18 ലക്ഷം രൂപയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.