മധു വധം: ഇന്നും ഒരു സാക്ഷി കൂറുമാറി; പ്രൊസിക്യൂഷന് ആശ്വാസമായി 13ാം സാക്ഷി

മണ്ണാർക്കാട്: മധു വധക്കേസിൽ ഒരുസാക്ഷികൂടി കൂറുമാറിയതോടെ പ്രൊസിക്യൂഷന് ആശ്വാസമായി പതിമൂന്നാം സാക്ഷി സുരേഷ്. കേസിലെ പതിനാറാം സാക്ഷിയായ റസാഖാണ് ഇന്ന് കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്. ഇതോടെ കേസിൽ ആറ് സാക്ഷികൾ കൂറുമാറി.

അതിനിടെ, പതിമൂന്നാം സാക്ഷിയായ സുരേഷ് തന്റെ മൊഴിയിൽ ഉറച്ചുനിന്നു. സംഭവം നേരിൽ കണ്ടുവെന്നും മുക്കാലിയിൽ മധുവിനെ ഒരു സംഘം വളഞ്ഞു വെച്ചിരുന്നുവെന്നും കേസിലെ ഒന്നാം പ്രതി ഹുസ്സൈൻ ചവിട്ടുന്നത് കണ്ടുവെന്നും ഈ സമയം കൈകൾ ബന്ധിച്ചിരുന്നുവെന്നും സുരേഷ് കോടതിയിൽ പറഞ്ഞു. കൈകൾ കെട്ടിയിരുന്ന വസ്തു സുരേഷ് തിരിച്ചറിഞ്ഞു.

പ്രതികളുടെ കൂട്ടത്തിൽ നിന്ന് മൂന്നാം പ്രതി ഷംസുദ്ദീൻ, ഏഴാം പ്രതി സിദ്ദീഖ് എന്നിവരെയും മധുവിന്റെ ബന്ധുകൂടിയായ സുരേഷ് തിരിച്ചറിഞ്ഞു. കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന കള്ളനാണെന്ന് കൂടി നിന്നവർ പറഞ്ഞിരുന്നു. മധു ബന്ധുവാണെന്നും മാനസികമായ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. പ്രതിഭാഗത്തിന്റെ എതിർവിസ്താരം ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. വിചാരണ 27ലേക്ക് മാറ്റി വെച്ചു. അസുഖബാധിതനായതിനെ തുടർന്ന് വിചാരണ മാറ്റിവെച്ച സാക്ഷിയായിരുന്നു സുരേഷ്.

വനംവകുപ്പിലെ താൽക്കാലിക വാച്ചറായി 18 വർഷമായി ജോലിചെയ്യുന്നയാളാണ് ഇന്ന് കൂറുമാറിയ റസാഖ്. വനംവകുപ്പിന്റെ വണ്ടിക്കടവിലുള്ള ഷെഡിനടുത്തുവെച്ച് പ്രതികൾ മധുവിനെ കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവരുന്നതും വടികൊണ്ട് തല്ലുന്നതും കണ്ടു എന്നായിരുന്നു മൊഴി. എന്നാൽ, താൻ അങ്ങനെ മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയതെന്നും റസാഖ് കോടതിയെ അറിയിച്ചു. പ്രതികളെ അറിയില്ലെന്നും പൊലീസ് ഹാജരാക്കിയ സ്ഥല പരിശോധന മഹസറിലെ ഒപ്പ് തന്‍റെതാണെങ്കിലും വായിക്കാനും എഴുതാനും അറിയില്ലെന്നും എന്താണ് എഴുതിയതെന്ന് വായിച്ചുകേൾപ്പിച്ചിട്ടില്ലെന്നും വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങിയതാണെന്നും റസാഖ് പറഞ്ഞു.

സാക്ഷി വിസ്താരത്തിന് കോടതിയിൽ ഹാജരാകുന്നതിന് മുമ്പ് പൊലീസ് വിളിച്ചുകൊണ്ടുപോയി കോടതിയിൽ എന്തെങ്കിലും പറയാൻ പറഞ്ഞിരുന്നോ എന്ന പ്രതിഭാഗം ചോദ്യത്തിന് രണ്ടുതവണ വിളിച്ചു കൊണ്ടുപോയിയെന്ന് മറുപടി നൽകി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി പറയാൻ നിങ്ങളോട് ആരെങ്കിലും നിർബന്ധിച്ചോ എന്ന പ്രോസിക്യൂഷൻ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി.

119 സാക്ഷികളാണ് കേസിലുള്ളത്. മണ്ണാർക്കാട് ജില്ല സ്പെഷ്യൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്.

സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ, പ്രതിഭാഗത്തിനായി അഭിഭാഷകരായ ബാബു കാർത്തികേയൻ, ജോൺ ജോൺ, അനിൽ മുഹമ്മദ്, സക്കീർ ഹുസൈൻ എന്നിവർ ഹാജരായി.

Tags:    
News Summary - Madhu murder: 16th witness defected today; 13th witness as relief for prosecution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.