അങ്കമാലി: സംസ്ഥാന സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംഗീത നാടക അക്കാദമി അവാര്‍ഡില്‍നിന്ന് മാജിക് പുറത്തായി.
നാടകം, കഥാപ്രസംഗം, മോഹിനിയാട്ടം, ഇടയ്ക്ക, കുറുങ്കുഴല്‍ തുടങ്ങി 22ഓളം കലാവിഭാഗങ്ങള്‍ അവാര്‍ഡിന് അര്ഹമായപ്പോഴാണ് മാജിക് ഒഴിവായത്. അടുത്തിടെ സംഗീതനാടക അക്കാദമിക്കും സര്‍ക്കാറിനുമെതിരെ ഒരുവിഭാഗം മാജിക് കലാകാരന്മാര് ഉയര്‍ത്തിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് ഒഴിവാക്കലിന് വഴിതെളിച്ചതെന്നാണ് വിലയിരുത്തല്‍.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിെൻറ നിരന്തര ശ്രമഫലമായി 1995ലാണ് രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മാജിക്കിനെ കലാരൂപമായി കേരളത്തില്‍ അംഗീകരിക്കുന്നത്. തുടര്‍ന്ന് സംഗീത നാടക അക്കാദമി അവാര്‍ഡുകളിലും മാജിക്കിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
മുതുകാടിനുപുറമെ പ്രഫ. പത്മരാജ്, പ്രഫ. സാമ്രാജ്, പ്രദീപ് ഹുഡിനോ, പി.എം. മിത്ര, നിലമ്പൂര്‍ പ്രദീപ്കുമാര്‍, ആര്.കെ. മലയത്ത് തുടങ്ങിയ മാന്ത്രികരും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. 2018ല്‍ അക്കാദമിയുടെ ഫെലോഷിപ്പിനും യുനിസെഫ് സെലിബ്രിറ്റി അംബാസഡറും മെര്ലിന് അവാര്‍ഡ് ജേതാവുമായ മുതുകാട് അര്‍ഹനായിരുന്നു.
സ്കൂള്‍ കലോത്സവത്തില്‍ മാജിക് മത്സര ഇനമാക്കാന്‍ പോകുന്നുവെന്ന് ആരോപിച്ച് 2017ല്‍ കണ്ണൂരില്‍ കലോത്സവ വേദിക്ക് മുന്നിൽ ഒരു വിഭാഗം മാന്ത്രികര്‍ പ്രതിഷേധിച്ചിരുന്നു. അങ്ങനെയൊരു നീക്കമില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടും ഇവര്‍ പിന്മാറാന് തയാറായിരുന്നില്ല.
പിന്നീട് സംഗീത നാടക അക്കാദമി അവാര്ഡുകള്ക്കെതിരെയും ഒരു വിഭാഗം മാന്ത്രികര്‍ അക്കാദമി ആസ്ഥാനത്തിന് മുന്നില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഇതോടെയാണ് മാജിക്കിനെ മറ്റ് കലകൾപോലെ കണക്കാക്കുന്നതില്‍ മാന്ത്രികര്തന്നെ എതിര്‍പക്ഷത്താണെന്ന വിലയിരുത്തല്‍ ഉണ്ടായത്. എങ്കിലും സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങളില്‍നിന്ന് മാജിക്കിനെ ഒഴിവാക്കിയതില്‍ മാന്ത്രികര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.