എടപ്പാൾ (മലപ്പുറം): പൊന്നാനി താലൂക്കിൽ രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ ജൂലൈ 23നുശേഷം ഇളവ് നൽകും. കണ്ടെയിൻമെൻറ് സോണുകളായ എടപ്പാൾ, വട്ടംകുളം, കാലടി, ആലങ്കോട്, മാറഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ ഇളവ് നൽകാനാണ് സാധ്യത.
അതേസമയം, നിലവിൽ ട്രിപ്ൾ ലോക് ഡൗൺ പ്രഖ്യാപിച്ച പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. തീരമേഖല ഒഴികെ മറ്റു പഞ്ചായത്തുകളിൽ നടത്തിയ ആൻറിെജൻ ടെസ്റ്റിൽ അഞ്ചിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ 20 ദിവസമായി പൂട്ടിക്കിടക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തുവന്നിരുന്നു.
ജൂൺ 28ന് വട്ടംകുളം പഞ്ചായത്ത് പരിധിയിലെ 10 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊന്നാനി താലൂക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാൻ കലക്ടർക്ക് സ്പീക്കർ നിർദേശം നൽകിയിട്ടുണ്ട്. പൊന്നാനി താലൂക്കിലെ നന്നംമുക്ക്, തവനൂർ പഞ്ചായത്തുകളിൽ കഴിഞ്ഞദിവസം കണ്ടെയിൻമെൻറ് സോൺ പിൻവലിച്ചിരുന്നു.
റാപ്പിഡ് ആക്ടീവ് ടെസ്റ്റ് സർവേ പൂർത്തീകരിക്കാൻ ദിവസങ്ങളെടുക്കും
പൊന്നാനി: കോവിഡ് വ്യാപനത്തെ തുടർന്ന് കൂടുതൽ പേരെ ആൻറിജെൻ ടെസ്റ്റിന് വിധേയമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന റാപ്പിഡ് ആക്ടീവ് ടെസ്റ്റ് സർവേ പൂർത്തീകരിക്കാൻ ദിവസങ്ങളെടുക്കും. നഗരസഭയിലെ 51 വാർഡുകളിലെ മുഴുവൻ വീടുകളും കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്നത് എളുപ്പം പൂർത്തിയാക്കാനാകാത്തതാണ് ദിവസങ്ങൾ നീളാനിടയാക്കുന്നത്. ശനിയാഴ്ച ആരംഭിച്ച സർവേ ജൂലൈ 23ന് പൂർത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
എല്ലാ വാർഡുകളിലും ശാസ്ത്രീയ സർവേയും ആവശ്യമായ ടെസ്റ്റുകളും നടത്തുന്നത് വിവിധ വാർഡുകളിൽനിന്ന് തെരഞ്ഞെടുത്ത വളൻറിയർമാരും ആശാപ്രവർത്തകരും ഉൾപ്പെടെ 150ൽപരം പേരാണ്. നഗരസഭയിലെ മുഴുവൻ വാർഡുകളിലെ വീടുകളിലും സർവേ നടത്തി വിദഗ്ധരുടെ സൂക്ഷ്മ പരിശോധനകൾക്കുശേഷം പ്രത്യേക പട്ടിക തയാറാക്കുകയാണ്. ഇങ്ങനെ കണ്ടെത്തിയവരെ ആൻറിജെൻ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കും.
നഗരസഭയിലെ സമൂഹ വ്യാപനത്തിെൻറ തോത് കണ്ടെത്തി ആവശ്യമായ പരിഹാരനിർദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള കർമപരിപാടികളും ഈ സംഘം തയാറാക്കും. ഇവർ നൽകുന്ന പട്ടിക ഉപയോഗിച്ച് രോഗലക്ഷണങ്ങളുള്ളവർക്ക് അടുത്ത ദിവസം മുതൽ ആൻറിജെൻ ടെസ്റ്റ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.