ന്യൂഡല്‍ഹി: ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ മലയാളി മാധ്യമപ്രവര്‍ത്തകനടക്കം നാലു പേര്‍ അറസ്റ്റില്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും 'അഴിമുഖം' വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനെയാണ് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്മദ് (ബഹ്‌റൈച്ച്), ആലം (റാംപൂര്‍) എന്നിവരാണ് കൂടെ അറസ്റ്റിലായത്.
നിരോധനാജ്ഞ ലംഘിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഡല്‍ഹിയില്‍ നിന്ന് ഹാഥറസിലേക്കുള്ള യാത്രക്കിടെ രാത്രി മഥുരക്ക് സമീപത്തെ ടോള്‍ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് മഥുര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കം പോലീസ് പിടിച്ചുവെച്ചിരിക്കുകയാണ്. ഹാഥറസ് സാഹചര്യം റിപ്പോര്‍ട്ടു ചെയ്യാനാണ് സിദ്ദീഖ് കാപ്പന്‍ പോയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടി കെ.യു.ഡബ്ല്യു.ജെ അപലപിച്ചു. സിദ്ദിഖിനെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, കേരള മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ഡി.ജി.പിമാര്‍ക്കും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.