ലണ്ടന്‍: യു.കെ പൊതുതെരഞ്ഞെടുപ്പില്‍ വിജയം കൊയ്തവരിൽ മലയാളിയും. കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടർച്ചയായി ജയിച്ചുപോരുന്ന സീറ്റ് പിടിച്ചെടുത്തത്. കെന്റ് കൗണ്ടിയിലെ ആഷ്ഫഡ് മണ്ഡലത്തില്‍നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിനെതിരെ 1779 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജന്‍ ജോസഫ് ജയിച്ചുകയറിയത്. സോജന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകളാണ് (28.7 ശതമാനം) നേടാനായത്. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാർപര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചത് സോജന്റെ വിജയത്തില്‍ നിര്‍ണായകമായി.
പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെതിരായ ജയത്തിന് തിളക്കമേറെയാണ്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്ന് വിജയിക്കുന്ന ഡാമിയന്‍ ഗ്രീനിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.
കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. ഭാര്യ: ബ്രൈറ്റ ജോസഫ്. ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്. കെന്റ് ആന്‍ഡ് മെഡ്‌വേ എന്‍.എച്ച്.എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയാണ് സോജന്‍ ജോസഫ്.
കൈപ്പുഴ (കോട്ടയം): ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ സോജന് ജോസഫ് ജയിച്ച ആവേശത്തിലാണ് കൈപ്പുഴ ചാമക്കാലയിലെ വീട്ടുകാർ. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് വിവരം വീട്ടിലറിഞ്ഞത്. വളരെയധികം സന്തോഷമുണ്ടെന്ന് പിതാവ് ജോസഫ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ മാതാവ് ഏലിക്കുട്ടിയുടെ ചരമ വാര്‍ഷികത്തിനാണ് വീട്ടില്‍ വന്ന് പോയത്. വിജയവാര്‍ത്തയറിഞ്ഞ് നിരവധി പ്രമുഖര്‍ വിളിച്ച് സന്തോഷം അറിയിച്ചുവെന്നും ജോസഫ് പറഞ്ഞു. കൈപ്പുഴയിലെ വീട്ടിലേക്ക് ആശംസകളുമായി നിരവധി പേരും എത്തി. കുടുംബത്തിലെ ഏഴാമത്തെ മകനാണ് സോജന്.
കൈപ്പുഴ സെന്റ് മാത്യൂസ് എല്‍.പി സ്കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. മാന്നാനം കെ.ഇ കോളജിലെ പഠനശേഷം ബംഗളൂരുവിൽ നിന്ന് നഴ്‌സിങ് പൂര്‍ത്തിയാക്കി. 2022 മുതലാണ് യു.കെയില്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഭാര്യ ബ്രൈറ്റ ജോസഫ് യു.കെയില്‍ നഴ്സാണ്. വിദ്യാർഥികളായ ഹന്ന, സാറ, മാത്യു എന്നിവരാണ് മക്കൾ. സോജൻ അടുത്തമാസം കൈപ്പുഴയിലെ വീട്ടിലെത്തും. ജോയി ജോസഫ്, സൈമണ്‍ ജോസഫ്, ആലീസ് ജോസഫ്, ഷേര്‍ളി ജോസഫ്, വല്‍സമ്മ ജോസഫ്, സിബി ജോസഫ് എന്നിവരാണ് സഹോദരങ്ങള്‍. ഇവരില്‍ സിബി ജോസഫും കുടുംബവും യു.കെയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.