കോഴിക്കോട്: നാല് പതിറ്റാണ്ടിലേറെ മലയാളിയുടെ മനസ്സിൽ കോഴിക്കോടൻ മൊഴിയഴകായും നിഷ്കളങ്കതയായും നിറഞ്ഞുനിന്ന മാമുക്കോയ യാത്രയായി. മഹാന്മാർ മുതൽ ഏറ്റവും സാധാരണക്കാരായ മനുഷ്യർവരെ അന്ത്യവിശ്രമം കൊള്ളുന്ന, കണ്ണംപറമ്പ് ഖബർസ്ഥാനിലെ ആറടി മണ്ണിലേക്ക് മാമുക്കോയ മടങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാമുക്കോയയെ യാത്രയാക്കി. പ്രിയപ്പെട്ട മാമുക്കോയാ...ഇനി നിങ്ങളീ മനുഷ്യരുടെ ഖൽബിൽ ജീവിക്കും.
ബുധനാഴ്ച അന്തരിച്ച ചലച്ചിത്രനടൻ മാമുക്കോയക്ക് അന്ത്യോപചാരമർപ്പിക്കാൻ വ്യാഴാഴ്ച അതിരാവിലെ അരക്കിണറിലെ വീട്ടിലും വൻ ജനത്തിരക്കായിരുന്നു. ബുധനാഴ്ച ഉച്ച മുതൽ ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം രാത്രി 10.30നാണ് അരക്കിണറിലെ വസതിയിലേക്ക് കൊണ്ടുവന്നത്. രാവിലെ 9.35ന് വീട്ടിൽനിന്ന് മയ്യിത്ത് നമസ്കാരത്തിനായി തൊട്ടടുത്ത മുജാഹിദ് മസ്ജിദിലേക്ക് കൊണ്ടു പോകുന്നതുവരെയും തിരശ്ശീലയിൽ കണ്ട പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാൻ അണമുറിയാത്ത ജനപ്രവാഹമായിരുന്നു.
പ്രമുഖ സിനിമക്കാരുടെ അഭാവം ശ്രദ്ധിക്കപ്പെട്ട അന്ത്യോപചാരമർപ്പിക്കലിന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടന്മാരായ ജോജു ജോർജും ഇർഷാദും സാദിക്കും മാത്രമാണെത്തിയത്. മാമുക്കോയയെ അവസാനമായി കാണാൻ താരങ്ങൾ എത്തുമെന്ന് കരുതി രാവെളുക്കുവോളം വീടിനു മുന്നിൽ ജനത്തിരക്കുണ്ടായിരുന്നു.
മന്ത്രി അഹമ്മദ് ദേവർകോവിൽ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ഇന്നസെന്റിന്റെ മകൻ സോണറ്റ്, ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീം എന്നിവർ അന്ത്യോപചാരമർപ്പിച്ചു. മൃതദേഹത്തോടൊപ്പം പള്ളിവരെ ജോജു ജോർജും അനുഗമിച്ചു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷമാണ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്.
നമസ്കാരം കഴിഞ്ഞ് ആംബുലൻസിൽ ഭൗതികശരീരം 10.15ന് കണ്ണംപറമ്പ് പള്ളിയിലേക്ക് കൊണ്ടുവന്നു. മകൻ മുഹമ്മദ് നിസാർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ, കെ.ടി. ജലീൽ എം.എൽ.എ തുടങ്ങിയവർ നമസ്കാരത്തിൽ പങ്കെടുത്തു. 11 മണിയോടെ കണ്ണംപറമ്പിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ ഒരുക്കിയ ഖബറിൽ ഔദ്യോഗിക ബഹുമതികളോടെ മാമുക്കോയയെ സംസ്കരിച്ചു.
ബേപ്പൂർ: മാമുക്കോയ ഹാസ്യ ലോകത്ത് അതികായനാണെങ്കിലും നാട്ടുകാർക്ക് എളിയവനായിരുന്നു. മലയാളസിനിമയിലെ ഹാസ്യലോകത്തെ തന്റെ കുടക്കീഴിലാക്കി വിരാജിക്കുമ്പോഴും അരക്കിണർ അങ്ങാടിയിലെ നാട്ടുകാർക്കിടയിൽ സാധാരണക്കാരനായി നടന്നു നീങ്ങി. മാർക്കറ്റിൽ പോയി വിലപേശി മീൻ വാങ്ങും. അങ്ങാടികളിലെ സൊറ പറച്ചിലിലും തമാശകളിലും പങ്കുചേരും. സാമൂഹികപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും. ആരോടും പരിഭവവും ദേഷ്യവും കാണിക്കാതെ അൽപം കുനിഞ്ഞ് താഴെ നോക്കി നടന്ന് നീങ്ങുമ്പോഴും മാമുക്കാ എന്ന് വിളിച്ചാൽ തല ഉയർത്തി സ്നേഹത്തോടെ മുന്നിലേക്കടുക്കുന്ന മാമുക്കയെ മറക്കാൻ നാട്ടുകാർക്ക് കഴിയില്ല.
1982ൽ സുറുമയിട്ട കണ്ണുകളിലെ ഒരു ചെറിയ വേഷത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുമായി സന്തോഷത്തോടെ നടന്നുനീങ്ങിയ മാമുക്കോയക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാമുക്കോയയും ബഷീറുമായി അത്രക്ക് ഹൃദയഭേദ്യമായ ബന്ധമാണുള്ളത്.
ആക്ഷേപഹാസ്യങ്ങളുടെ കുലപതിയായ ബഷീറിന് ഹാസ്യ കഥാപാത്രമായ മാമുക്കോയയോട് വലിയ ആദരവായിരുന്നു.
കൃത്യനിഷ്ഠ ജീവിതചര്യയായിരുന്നു. ലൊക്കേഷനുകളിൽ രാവിലെ എട്ടിന് എത്താമെന്ന് പറഞ്ഞാൽ അൽപം നേരത്തെതന്നെ മാമുക്ക എത്തിയിരിക്കും. ആർക്കും വേണ്ടി ശിപാർശ ചെയ്യുന്ന പതിവ് മാമുക്കക്കില്ല. സ്വന്തംകഴിവ് ഉപയോഗിച്ച് കാര്യം നേടിയെടുക്കണം എന്നതാണ് മാമുക്കയുടെ പക്ഷം.
സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കക്ക്. വ്യത്യസ്ത കാലങ്ങളിൽ ലഭിച്ച നിരവധി പുരസ്കാരങ്ങൾ വീടിന്റെ അലമാരയിൽ നിരന്നു നിൽക്കുകയാണ്. എപ്പോഴും സഹൃദയരുടെ സാന്നിധ്യത്തിൽ ആഘോഷമാകാറുള്ള വീട് ഇന്നലെ ശോകമൂകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.