കരുവാരകുണ്ട് (മലപ്പുറം): പൊലീസുകാരന്‍റെ വീട്ടിൽ അതിക്രമംകാട്ടി വധഭീഷണി മുഴക്കി ഒളിവിൽപോയ യുവാവ് കഞ്ചാവുമായി പിടിയിൽ. അരിമണൽ കൂനമ്മാവിലെ മുതുകോടൻ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 21ന് രാത്രി എട്ട് മണിക്കാണ് പ്രതി കാളികാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ അരിമണലിലെ വീട്ടിൽ അതിക്രമിച്ചുകയറിയത്. കാർ തകർക്കുകയും പൊലീസുകാരനെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇയാൾ വയനാട്ടിൽ ഒളിവിലായിരുന്നു.
വീടിന്‍റെ പരിസരത്ത് ഒളിപ്പിച്ചുവെച്ച കഞ്ചാവ് എടുക്കാൻ വ്യാഴാഴ്ച വൈകീട്ട് മഷൂദ് വേഷംമാറി അരിമണലിലെത്തി. രഹസ്യവിവരം ലഭിച്ച പൊലീസ്, നിലമ്പൂരിലെ ആന്‍റി നാർകോട്ടിക് ഫോഴ്സിന്‍റെ സഹായത്തോടെ പ്രതിയെ പിന്തുടർന്ന് കേരള പൂച്ചപ്പടിയിൽവെച്ച് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് 940 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
മഷൂദ് നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജറാക്കി. ജില്ല ക്രൈം സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ആസിഫ്, കരുവാരകുണ്ട് എസ്.ഐ മനോജ്, ശിവൻ, മനു മാത്യു, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.