കോട്ടയം/വണ്ടിപ്പെരിയാര്‍: അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ കഴിഞ്ഞതോടെ മകരജ്യോതി ദര്‍ശനത്തിനും മകര സംക്രമപൂജക്കുമായി പതിനായിരങ്ങള്‍ എരുമേലിയില്‍നിന്ന് പരമ്പരാഗത കാനനപാതകളിലൂടെ സന്നിധാനത്തേക്ക് ഒഴുകുന്നു. 14നാണ് മകരവിളക്ക്.
സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലുമായി പതിനായിരങ്ങളാണ് എരുമേലിയിലും പമ്പയിലും എത്തിക്കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ബഹുഭൂരിപക്ഷവും. തമിഴ്നാട്ടില്‍നിന്നും ആന്ധയില്‍നിന്നും പമ്പയിലും സന്നിധാനത്തും എത്തിയവര്‍ ഇനി മകരവിളക്ക് കഴിയാതെ മലയിറങ്ങില്ല. വനമേഖലകളിലെല്ലാം ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശനത്തിനായി തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെയോടെ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാകുമെന്നതിനാല്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസ്-വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എരുമേലിയില്‍നിന്ന് കോയിക്കകാവ്, കാളകെട്ടി, അഴുത, കരിമലവഴിയും വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴിയും കാനനപാതകളിലൂടെ നിലക്കാത്ത തീര്‍ഥാടക പ്രവാഹമാണ്. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഇവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി കഴിഞ്ഞു. അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ തുടക്കം മുതല്‍ സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും വീഴ്ചവരുത്തിയതായി പരാതി ഇപ്പോഴും ശക്തമാണ്. എന്നാല്‍, പുല്ലുമേട്ടിലടക്കം മൊബൈല്‍ ടവറുകളും മറ്റും സ്ഥാപിച്ച് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
തിരക്ക് വര്‍ധിച്ചതോടെ വനമേഖലകളില്‍ കനത്ത ജാഗ്രതപാലിക്കാന്‍ സര്‍ക്കാര്‍ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവസാനവട്ട സുരക്ഷ ക്രമീകരണം വിലയിരുത്താന്‍ എ.ഡി.ജി.പി ബി. സന്ധ്യ പുല്ലുമേട് സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് എ.ഡി.ജി.പി എത്തിയത്. പുല്ലുമേട്ടില്‍ മാത്രം രണ്ട് എസ്.പിമാരുടെ കീഴില്‍ 300 പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബി. സന്ധ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.