ന്യൂഡൽഹി: യു.ഡി.എഫ് പുനഃപ്രവേശന കാര്യത്തിൽ ഹൈകമാൻഡ് തലത്തിൽ നടത്തുന്ന ചർച്ചയിൽ രാജ്യസഭ സീറ്റിനായി കേരള കോൺഗ്രസ് സമ്മർദം. പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് കേരള കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചതോടെ, കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് കയ്യാലപ്പുറത്ത്. ഡൽഹിയിലെത്തിയ സംസ്ഥാന കോൺഗ്രസ് നേതാക്കളും മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച നടത്തുന്ന ചർച്ച ഇക്കാര്യത്തിൽ നിർണായകമാവും.കോൺഗ്രസിന് മൂന്നും മുസ്ലിംലീഗ്, കേരള കോൺഗ്രസ് എന്നിവക്ക് ഒാരോന്നും സീറ്റാണ് രാജ്യസഭയിൽ ഉണ്ടായിരുന്നത്. ജോയി എബ്രഹാം വിരമിച്ചതോടെ മാണി ഗ്രൂപ്പിന് രാജ്യസഭാംഗം ഇല്ലാതായി. മാണിയെ മുന്നണിയിൽ തിരിച്ചെത്തിക്കുന്നതിന് സമാശ്വാസമായി ഒരു സീറ്റ് കേരള കോൺഗ്രസിന് തുടർന്നും വിട്ടുകൊടുക്കണമെന്ന ആവശ്യത്തെ തുറന്നു പിന്തുണക്കുകയാണ് മുസ്ലിംലീഗ്.
കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ മുൻകൈയെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി, മാണിയുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇൗ പശ്ചാത്തലത്തിൽ കൂടിയാണ് ഹൈകമാൻഡ് നടത്തുന്ന ചർച്ചയിലേക്ക് കുഞ്ഞാലിക്കുട്ടി എത്തിയിരിക്കുന്നത്. രാജ്യസഭ സീറ്റിന് കോൺഗ്രസ് നിർബന്ധം പിടിച്ചാൽ, മാണി ഗ്രൂപ് മുന്നോട്ടുവെക്കുന്ന മറ്റ് ഉപാധികൾക്ക് വഴങ്ങേണ്ടിവരും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള കൂടുതൽ മണ്ഡലങ്ങൾ നൽകാമെന്ന ഉറപ്പ് ഹൈകമാൻഡിൽനിന്ന് കിട്ടിയാൽ മാണി ഗ്രൂപ് വഴങ്ങിയേക്കും. തളിപ്പറമ്പ്, ആലത്തൂർ തുടങ്ങി തോൽക്കുന്ന സീറ്റുകൾ തങ്ങൾക്കു കോൺഗ്രസ് നൽകിയെന്നാണ് മാണിയുടെ പരാതി.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽനിന്ന് മാന്യമായ സമീപനവും കേരള കോൺഗ്രസിെൻറ പ്രധാന ആവശ്യമാണ്. കെ.എം. മാണി വിജിലൻസ് കേസിൽ കുടുങ്ങിയത് ആ പാർട്ടിയെ ഇന്നും നോവിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് മോശം സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. താഴെത്തട്ടിൽ മോശമായ കോൺഗ്രസ്-കേരള കോൺഗ്രസ് ബന്ധം പുറമെ. ഇക്കാര്യങ്ങളിലും ഹൈകമാൻഡിൽനിന്ന് ഉറപ്പുകൾ കിട്ടണം. ദുർബലാവസ്ഥ നേരിടുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിെൻറ നിലപാട് പ്രധാനമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് മാണിയെ യു.ഡി.എഫിൽ എത്തിക്കേണ്ടതും പ്രധാനമാണ്. ചെങ്ങന്നൂരിൽ മാണിബന്ധം പ്രയോജനപ്പെട്ടില്ലെങ്കിൽക്കൂടി, മധ്യതിരുവിതാംകൂറിലെ നിരവധി മണ്ഡലങ്ങളിൽ കേരള കോൺഗ്രസിെൻറ സഹായം ആവശ്യമുണ്ട്.
രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർക്കാതെ കോൺഗ്രസിനുള്ളിലെ മറ്റു ചർച്ചകളിലേക്ക് കടക്കാനാവില്ല. ഡൽഹിയിലെത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവരുമായി കുഞ്ഞാലിക്കുട്ടി ചർച്ചകൾ നടത്തി. േജാസ് കെ. മാണി ഡൽഹിയിലെത്തിയിട്ടുണ്ടെങ്കിലും ഇൗ ചർച്ചകളിൽ ഭാഗമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.