ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചനെ പിഴ അടക്കാതെതന്നെ ഉടന്‍ ജയില്‍മോചിതനാക്കാന്‍ സുപ്രീംകോടതി നിർദേശിച്ചു. പിഴ അടച്ചില്ലെന്ന കാരണത്താൽ മോചനം നിഷേധിക്കാന്‍ കഴിയില്ല. പിഴത്തുക കെട്ടിവെക്കാതെ മോചിപ്പിക്കണമെന്ന മണിച്ചന്റെ ഭാര്യ ഉഷയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മണിച്ചൻ നൽകാനുള്ള 30.45 ലക്ഷം രൂപ ഇരകൾക്ക് നൽകാനുള്ളതാണെന്ന സർക്കാർ വാദം കോടതി തള്ളി. വ്യാജ മദ്യം തടയാന്‍ കഴിയാത്ത സര്‍ക്കാറിന് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്കി കൂടെയെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
വിഷമദ്യ ദുരന്ത കേസിലെ മറ്റു രണ്ടു പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന് എന്നിവരെ പിഴ അടക്കാതെ മോചിപ്പിച്ചതിനാൽ ഏഴാം പ്രതിയായ മണിച്ചനും അതേ പരിഗണന നൽകണമെന്നായിരുന്നു ഉഷയുടെ അഭിഭാഷക ആവശ്യപ്പെട്ടത്.
വിചാരണ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മണിച്ചന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഈ നിലപാട് ആവർത്തിച്ച സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാൻഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് പിഴത്തുക നേരത്തേ സുപ്രീംകോടതി ശരിവെച്ച കാര്യവും ബോധിപ്പിച്ചിരുന്നു. പിഴനല്‍കാന്‍ പണമില്ലെങ്കില്‍ എത്രകാലം ജയിലിലിടുമെന്നായിരുന്നു ബെഞ്ചിന്റെ ഇതിനോടുളള പ്രതികരണം.
മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മേയ് 20ന് നിര്‍ദേശിച്ച ശേഷവും പിഴയടക്കാത്തതിനാൽ സംസ്ഥാന സർക്കാർ മോചനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. മണിച്ചന്റെ മോചനത്തിനുള്ള മന്ത്രിസഭാ ശിപാർശ ഗവര്‍ണര്‍ ഒപ്പിട്ട ശേഷമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.