പോപുലർ ഫ്രണ്ട് പരിശീലന കേന്ദ്രമെന്ന്; മഞ്ചേരി ഗ്രീൻവാലി അക്കാദമി എൻ.ഐ.എ കണ്ടുകെട്ടി

മലപ്പുറം: മഞ്ചേരി കാരാപറമ്പിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടുകെട്ടി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അക്കാദമിയിൽ നേരത്തെ എൻ.ഡി.എഫും പിന്നീട് പോപുലർ ഫ്രണ്ടും ആയുധ പരിശീലനം നടത്തിയിരുന്നെന്നാണ് എൻ.ഐ.എ വാദം. എൻ.ഐ.എ കൊച്ചി യൂനിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് നടപടി.

അക്കാദമിയിലെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുക്കുന്നതിന് എൻ.ഐ.എ നോട്ടിസ് പതിച്ചിരുന്നു. ഇന്നലെ വൈകീട്ട് ആറിന് കൊച്ചിയിൽനിന്നെത്തിയ സംഘമാണ് നോട്ടിസ് പതിച്ചത്. അക്കാദമിയിലെ ലൈബ്രറിയില്‍നിന്ന് ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ടുകെട്ടൽ. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ പി.എഫ്.ഐ അംഗങ്ങളെ സംരക്ഷിക്കാൻ ഇവിടെ സൗകര്യമൊരുക്കിയിരുന്നെന്ന് എൻ.ഐ.എ അറിയിച്ചു.

പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ അവരുടെ ആറാമത്തെ കേന്ദ്രമാണ് എൻ.ഐ.എ കണ്ടുകെട്ടുന്നത്. പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, മലബാര്‍ ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജുക്കേഷന്‍ ആന്‍ഡ് സര്‍വിസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ കണ്ടുകെട്ടിയത്.

Tags:    
News Summary - Manjeri Green valley Academy confiscated by NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.