കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ യുവമോർച്ച മുൻസംസ്ഥാന ട്രഷറർ സുനിൽ നായികിനെ കെ. സുന്ദരയുടെ മാതാവ് തിരിച്ചറിഞ്ഞു.സുനിൽ നായിക്കാണ് തനിക്ക് പണം നൽകിയതെന്ന് പണം കൈപ്പറ്റിയ സുന്ദരയുടെ അമ്മ ബേഡ്ജി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ബേഡ്ജി, സഹോദരിയുടെ മകെൻറ ഭാര്യ അനുശ്രീ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ നൽകിയെന്ന കെ. സുന്ദരയുടെ മൊഴി സുനിൽ നായിക് നിഷേധിച്ചു.
വാണിനഗറിലെ വീട്ടിലെത്തി സുനിൽ നായിക്കാണ് പണം നൽകിയതെന്ന് ബേഡ്ജി വ്യക്തമാക്കി. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന അനുശ്രീയും സുനിൽ നായികിനെ തിരിച്ചറിഞ്ഞു. ഇരുവരും നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴി ആവർത്തിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിെൻറ ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു. വാണിനഗറിലെ വീട്ടിൽനിന്ന് പൊലീസ് ജീപ്പിലാണ് സുന്ദരയുടെ അമ്മയെയും ബന്ധുവിനെയും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. സുനിൽ നായികിനെ വീണ്ടും ചോദ്യം ചെയ്യും.
കേസിൽ കൂടുതൽ പ്രതികളുണ്ടാകും എന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന സൂചന. അതേസമയം എസ്.എസ്.എസ്.ടി വകുപ്പു പ്രകാരമുള്ള വകുപ്പുകൾ ഇപ്പോഴും ചേർത്തിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് കെ. സുരേന്ദ്രനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ അടുത്ത ദിവസങ്ങളിൽ നടക്കും.
നിലവിൽ കോഴ നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് സുരേന്ദ്രനെതിരെ കേസ്. സുന്ദരയെ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വെക്കൽ തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുത്തുമെന്നാണ് സൂചന. പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരാതിക്കാരനായ സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മഞ്ചേശ്വരെത്ത എൽ.ഡി.എഫ് സ്ഥാനാർഥിയുമായ വി.വി. രമേശൻ നേരത്തേ അതൃപ്തി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.