കോഴിക്കോട്: പുല്ലൂക്കര പാറാൽ മൻസൂർ കൊലക്കേസിലെ അന്വേഷണ സംഘം സി.പി.എം ആജ്ഞാനുവർത്തികളാണെന്നും കുടുംബത്തിന്‍റെ നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യാദൃശ്ചികമായി ഉണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങളല്ല ഇതൊന്നും. കൊലപാതകം വളരെ ആസൂത്രിതമാണ്. സി.പി.എം ഒരുഭാഗത്ത് വരുന്ന കൊലപാതകങ്ങൾക്കും നല്ല സാമ്യമുണ്ട്. ആയുധങ്ങൾ പോലും സമാനമാണ്. ഗൂഢാലോചനയും ആസൂത്രണവും നടത്തി വലിയ ആയുധങ്ങൾ ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണ് കൊലപാതകങ്ങൾ നടപ്പാക്കുന്നത്. ഭീകരമായ മുറിവാണ് മൻസൂറിന്‍റെ ശരീരത്തിലുണ്ടായിരുന്നത്.
കൊലപാതകൾക്ക് ഇവിടെ അന്ത്യമുണ്ടാകുന്നില്ല. ഇത് ഗൗരവമേറിയ പ്രശ്നമാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇത് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൊലപാതകങ്ങൾ ഇനിയും തുടരാൻ സാധ്യതയുണ്ട്. മനുഷ്യജീവന് ഒരു വിലയുമില്ലാത്ത ഭരണകക്ഷിയാണ് ഇതിന് പിന്നിൽ. സംരക്ഷിക്കാൻ ആളുള്ളതിനാൽ പ്രതികൾക്കും യാതൊരു പേടിയുമില്ല. പൊലീസും പ്രതികൾക്ക് എല്ലാ ഒത്താശയും നൽകുന്നു. ശരിയായ അന്വേഷണം നടത്താതെ തെളിവുകൾ മായ്ച്ചുകളയാൻ പറ്റിയ ആളുകളെയാണ് അന്വേഷണം ഏൽപ്പിക്കുന്നത്. ഏറെക്കാലം നീട്ടിക്കൊണ്ടുപോയി തുമ്പിലാതാക്കുകയാണ് ഇവർ.
രാഷ്ട്രീയ താൽപ്പര്യമുള്ളവരെയാണ് അന്വേഷണ തലപ്പത്ത് വെച്ചിരിക്കുന്നത്. അന്വേഷണം കേവലം പ്രഹസനമായി മാറുകയാണ്. ശനിയാഴ്ച പ്രതിപക്ഷ സംഘം സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. അതിനുശേഷം അേന്വഷണം കുറ്റമറ്റ രീതിയിലാക്കാനുള്ള നടപടി സ്വീകരിക്കും.
മൻസൂറിന്‍റെ കുടുംബത്തിന് വേണ്ടി നീതി നടപ്പാക്കാൻ ഏതറ്റം വരെയും പോകും. നിയമപരമായ എല്ലാ സംരക്ഷണവും അവർക്ക് നൽകും. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും.
പതിവുപോലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് ഇനി നടക്കില്ല. അതിനുള്ള ശക്തി സി.പി.എമ്മിനുണ്ടെന്ന് വിശ്വസിക്കുന്നില്ല. ചുരുങ്ങിയത് ഒരു ഐ.പി.എസ് ഓഫിസറെങ്കിലും അന്വേഷണത്തിന് നേതൃത്വം നൽകണം -പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിൽ ഡിവൈ.എസ്.പി ഇസ്മാഈലിനാണ് അന്വേഷണ ചുമതല. ഇയാളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഐ.പി.എസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും കേസിൽ യു.എ.പി.എ ചുമത്തണമെന്നും യു.ഡി.എഫ് നേതൃത്വം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.