കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സി.പി.എമ്മിന്‍റെ സന്തതസഹചാരിയാണ്. പൊലീസിലെ സി.പി.എം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൻസൂർ വധക്കേസിൽ നീതി കിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘത്തലവനായ ഇസ്മാഈൽ സി.പി.എം നേതാക്കളുടെ സന്തതസഹചാരിയാണ്. ഇസ്മാഈലിന് കിട്ടിയ വകുപ്പുതല സ്ഥാനക്കയറ്റം വരെ സി.പി.എമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ചതാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനെയും കൊലപ്പെടുത്തിയത്. ബോംബ് എറിഞ്ഞ ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. ഇത്തരം കേസുകളിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തേണ്ടതാണ്. മൻസൂർ വധക്കേസിൽ അന്വേഷണ സംഘത്തിന്‍റെ കുറ്റകരമായ വീഴ്ചയാണ് യു.എ.പി.എ ചുമത്താത്തത്.
കൊലപാതകം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കമീഷണറെ വിളിച്ചപ്പോൾ 14 പ്രതികളിൽ 10 പേരെ തിരിച്ചറിഞ്ഞെന്നാണ് പറഞ്ഞത്. എന്നാൽ, ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ പിടിച്ചു കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്‍റെ കൈവശമുള്ളത്. പ്രതികളെ കണ്ടെത്താൻ ഒരു ശ്രമവും പൊലീസ് നടത്തിയിട്ടില്ല.
മൻസൂർ വധക്കേസിലും നീതി ലഭിക്കാൻ കോടതികളെ സമീപിക്കേണ്ടി വരും. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.