ജഡ്ജി നിയമനത്തിൽ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ല -കേന്ദ്രം

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുമ്പോൾ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ അടക്കമുള്ള പാർശ്വവത്കൃത വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ. ഈ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകാൻ കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണെന്നും നിയമ മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ അറിയിച്ചു. ജഡ്ജി നിയമനത്തിൽ സുപ്രീംകോടതിയുമായി കേന്ദ്ര സർക്കാർ കൊമ്പുകോർത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് നിയമ മന്ത്രി, കൊളീജിയം പാർശ്വവത്കൃത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനവുമായി രംഗത്തുവന്നത്. പട്ടിക വർഗ വിഭാഗങ്ങളിൽ നിന്ന് ഒരു സുപ്രീംകോടതി ജഡ്ജിയാണ് ഇതുവരെയുണ്ടായതെന്നും പട്ടിക ജാതി വിഭാഗങ്ങളിൽ നിന്ന് നാലുപേരാണ് സുപ്രീംകോടതിയിൽ ന്യായാധിപന്മാരായതെന്നും റിജിജു പറഞ്ഞു.1993 മുതൽ കൊളീജിയം സമ്പ്രദായം തുടരുന്നതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് ഒന്നും ചെയ്യാനാവില്ല.

ജഡ്ജി നിയമനത്തിന് പുതിയ സംവിധാനമുണ്ടാകും വരെ ഒഴിവുകൾ നികത്തുന്നതിൽ കാലതാമസമുണ്ടാകാമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് വലിയ അധികാരമില്ല. കൊളീജിയം നിർദേശിച്ച പേരുകളല്ലാതെ പരിഗണിക്കാനാകില്ല. വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ചുകോടിയാവാൻ പോവുകയാണ്. ഇത് ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസം ഊഹിക്കാവുന്നതാണ്. കേസ് കെട്ടിക്കിടക്കുന്നത് തടയാൻ കേന്ദ്രം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ജഡ്ജിമാരുടെ ഒഴിവുകൾ വേഗത്തിൽ നികത്താൻ പെട്ടെന്ന് പേരുകൾ നിർദേശിക്കണമെന്ന് സുപ്രീംകോടതിയോടും ഹൈകോടതിയോടും അഭ്യർഥിച്ചിട്ടുണ്ട്. പാർലമെന്റിന്റെയും ജനങ്ങളുടെയും ആവേശവും താൽപര്യവും പരിഗണിക്കപ്പെടുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Marginalized communities not represented in appointment of judges -Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.