അങ്കമാലി: ഭാര്യയോടും കുടുംബാംഗങ്ങളോടും യഹോവ സാക്ഷികളുടെ സംഗമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് മാർട്ടിൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. വിട്ടുനിന്നില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
എന്നാൽ, വീട്ടുകാരാരും ഇത് കാര്യമാക്കിയില്ല. സ്വന്തം വീട്ടുകാരെ യഹോവയുടെ സാക്ഷി വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് മാർട്ടിനെ കൂടുതൽ രോഷാകുലനാക്കിയതെന്നും പൊലീസ് കരുതുന്നു. കുടുംബാംഗങ്ങൾ അവരുടെ വിശ്വാസത്തിൽനിന്ന് മാറാതായതോടെ മാർട്ടിൻ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
10 വർഷം മുമ്പാണ് ഇയാൾ അത്താണിയിൽ സ്ഥലം വാങ്ങി ഫ്ലാറ്റ് പണിതത്. നാല് മുറികളുള്ള ഇവിടെ പൊതുമേഖല സ്ഥാപനമായ അത്താണി കാംകോയിലെ ജീവനക്കാരാണ് മൂന്ന് മുറികളിൽ താമസിച്ചിരുന്നത്. ഇവർ ശനിയാഴ്ച ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ചയാണ് തിരിച്ചെത്തുക. ഈ അവസരം മുതലാക്കിയാകാം ഫ്ലാറ്റിലെ മുകളിലെ മുറി ബോംബുണ്ടാക്കാൻ തെരഞ്ഞെടുത്തതെന്നാണ് സൂചന. കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ മൂന്ന് ദിവസത്തെ പ്രാർഥന കൺവെൻഷൻ നടക്കുന്നതിനെക്കുറിച്ച് മാർട്ടിൻ നേരത്തേ തന്നെ അറിഞ്ഞിരുന്നു. അതോടെയാണ് ഒന്നര മാസം മുമ്പ് വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തന്റെ കെ.എൽ 38 ജി-8506 നമ്പർ ബൈക്കിലെത്തിയാണ് കടവന്ത്ര, അത്താണി, ചാലക്കുടി, കൊരട്ടി ഭാഗങ്ങളിലെ കടകളിൽനിന്ന് പെട്രോളും ഗുണ്ടുകളും ബാറ്ററികളും ശേഖരിച്ചത്. കുട്ടികളുടെ കളിപ്പാട്ടത്തിന് എന്ന് പറഞ്ഞാണ് കടവന്ത്രയിലെ കടയിൽനിന്ന് റിമോട്ട് കൺട്രോൾ വാങ്ങിയത്. ബോംബുണ്ടാക്കാൻ ശനിയാഴ്ച ഫ്ലാറ്റിൽ തങ്ങി. രാത്രിയോടെ തമ്മനത്തുള്ള വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ വീണ്ടും ഫ്ലാറ്റിലെത്തി. സ്ഫോടനം നടത്താൻ തീരുമാനിച്ചുറപ്പിച്ച ശേഷം ഇവിടെ നിന്ന് ബോംബുകളെടുത്ത് കളമശ്ശേരി കൺവെൻഷൻ സെന്ററിലേക്ക് പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.