തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തെ അവഗണിക്കാൻ സി.പി.എം. വീണയെ ന്യായീകരിച്ച് രംഗത്തുവന്ന പാർട്ടി ഇനി ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ്. തിങ്കളാഴ്ച എ.കെ.ജി സെന്ററിലെ വാർത്തസമ്മേളനത്തിൽ മാസപ്പടി ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. മാസപ്പടി സംബന്ധിച്ച ആദ്യ ചോദ്യം വന്നയുടൻ വാർത്തസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റു.
മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് വീണ പണം കൈപ്പറ്റിയതിനെ ന്യായീകരിച്ച് നേരത്തേ പാർട്ടി സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. വീണയെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ ഇനി പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. വിശദീകരിക്കുന്തോറും വിവാദം വളരുകയാണെന്നും പാർട്ടി വിലയിരുത്തി. മിണ്ടാതിരുന്നാൽ വിവാദം കെട്ടടങ്ങുമെന്നും കണക്കുകൂട്ടുന്നു.
യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർകൂടി ഉൾപ്പെട്ടതിനാൽ പ്രതിപക്ഷം വിഷയം ഏറ്റെടുത്തിട്ടില്ല. മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചതിന് പുറമെ, വാർത്തസമ്മേളനം നടത്തി അന്വേഷണം ആവശ്യപ്പെട്ടത് മാത്രമാണ് പ്രതിപക്ഷത്തുനിന്നുണ്ടായ നീക്കം.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവ് സഹിതം വീണുകിട്ടിയ മാസപ്പടി വിവരങ്ങൾ ശക്തമായി ഉപയോഗിക്കണമെന്നാണ് കോൺഗ്രസിൽ ഒരുവിഭാഗത്തിന്റെ നിലപാട്. എന്നാൽ, മുതിർന്ന നേതാക്കൾ അതിന് അനുകൂലമല്ല. മുഖ്യഘടകകക്ഷിയായ ലീഗും പി.കെ. കുഞ്ഞാലിക്കുട്ടികൂടി ഉൾപ്പെട്ട മാസപ്പടി വിവാദം കത്തിക്കാൻ കൂടെയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലീഗിന്റെ താൽപര്യം അവഗണിച്ച് മാസപ്പടി വിവാദം കത്തിച്ചാൽ മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാകുമെന്ന ഭീതിയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ബാർ കോഴ വിവാദം ആളിക്കത്തിയതിന് ഒടുവിലാണ് കേരള കോൺഗ്രസ് മാണി വിഭാഗം യു.ഡി.എഫിൽനിന്ന് പുറത്തുപോയത്.
അത്തരമൊരു സാഹചര്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതെല്ലാം ചേർന്നുവന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി മാസപ്പടി വിവാദത്തിലെ ചോദ്യങ്ങൾ അവഗണിച്ച് കരകയറാമെന്നാണ് സി.പി.എം പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.