തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് എം.ഡി ബിജു പ്രഭാകർ. 2012-2015 കാലയളവിലെ 100 കോടി രൂപ കാണാനില്ല. കൃത്യവിലോപത്തിന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽനിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ട്രാൻസ്ഫർ നടപടി സ്വീകരിക്കും. ഷറഫുദ്ദീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ സർവിസിൽ തിരിച്ചെടുത്തു. 100 കോടി രൂപയാണ് കാണാനില്ലാത്തത്. ഇവിടെ അക്കൗണ്ടിങ് സംവിധാനം ഇല്ല. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് തന്നെയാണ്. അവർക്കെതിരെ നടപടിയെടുക്കും' - അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് എം.ഡി ഉന്നയിച്ചത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടുകയാണ്. പലരും മറ്റു ജോലികളും ചെയ്യുന്നുണ്ട്. 10 ശതമാനം പേർക്ക് കെ.എസ്.ആർ.ടി.സി നന്നാകണമെന്ന് ആഗ്രഹമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയത്. ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാറിന്‍റെയും കെ.എസ്.ആര്‍.ടി.സിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറക്കുക എന്നതാണ് ലക്ഷ്യം.
നിലവില്‍ 7000ല്‍ അധികം ജീവനക്കാര്‍ അധികമുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടിസിയെ പരമാവധി നന്നാക്കാൻ ശ്രമിക്കും. അല്ലെങ്കിൽ പുറത്തുപോകുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.