മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ മൂന്ന് പൊലീസ് സർജന്മാർ തന്നെയാണ് മത്തായിയുടെ മതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. സി.ബി.ഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ പോസ്റ്റുമോർട്ടത്തിനായി നിയോഗിച്ചത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സി.ബി.ഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം. പോസ്റ്റ്‍മോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. പോസ്റ്റ്മോർട്ടം നടപടികൾ കാമറയിൽ ചിത്രീകരിക്കും.

നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് ശനിയാഴ്ച രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം 3.30ന് കുടപ്പനക്കുളം സെന്‍റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ ശവസംസ്‌കാരം നടക്കും.

മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മരിച്ച് 39 ദിവസങ്ങൾക്ക് ശേഷമാണ് മതദേഹം സംസ്ക്കരിക്കുന്നത്. കേസ് സി.ബി.ഐ ഏറ്റെടുത്തതിനാലാണ് കുടുംബം മൃതദേഹം സംസ്‌കരിക്കാൻ തയാറായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.