കൊച്ചി: ജനതാദള്‍-എസ് (ജെ.ഡി.എസ്) സംസ്ഥാന പ്രസിഡന്റായി മുന്‍മന്ത്രി മാത്യു ടി. തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മുന്‍ എറണാകുളം ജില്ല പ്രസിഡന്റ് സാബു ജോര്‍ജ് പിന്മാറിയതിനെത്തുടര്ന്ന് ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സാബു ജോര്‍ജുമായി ചർച്ച നടത്തി പിന്തിരിപ്പിക്കുകയായിരുന്നു.
72 അംഗ സംസ്ഥാന നിര്‍വാഹക സമിതിയെയും 20 അംഗ ദേശീയ കൗണ്‍സിലിനെയും തെരഞ്ഞടുത്തു. ജനറല്‍ വിഭാഗത്തില്‍ 25 പേരെയും സംവരണ വിഭാഗത്തില്‍ 39 പേരെയും അടക്കം 64 പേരെയാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല്‍, ഇക്കുറി 72 പേര് പത്രിക നൽകിയിരുന്നു.
മത്സരം ഒഴിവാക്കുന്നതിനായി ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ പ്രത്യേകാനുമതി വാങ്ങി മുഴുവന്‍ പേരെയും എക്സിക്യൂട്ടിവില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് പ്രാതിനിധ്യമില്ല. ഈ ജില്ലകളിൽ തെരഞ്ഞെടുപ്പ് നടന്നശേഷം പ്രതിനിധികളെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് പിന്നീട് നോമിനേറ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.