മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപത്തുകക്ക് കാത്തുനിൽക്കാൻ ഇനി ത്യാഗരാജനില്ല

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വർഷങ്ങളായി രോഗശയ്യയിലായിരുന്ന ത്യാഗരാജനും ഒടുവിൽ യാത്രയായി.തിങ്കളാഴ്ചയാണ് തഴക്കര വഴുവാടി ആര്യഭവനത്തില്‍ ത്യാഗരാജപ്പണിക്കര്‍ (74) മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തി‍െൻറയും ഭാര്യ വിജയകുമാരിയുടെയും പേരില്‍ ഏഴു ലക്ഷം രൂപയോളം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.

പാര്‍ക്കിൻ‌സൻസ് രോഗം മൂർഛിച്ചു കിടപ്പിലായ ത്യാഗരാജന് മാസം 70,000 രൂപയോളമായിരുന്നു ചികിത്സ ചെലവ്. ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മരണദിനം വരെ ഒരു രൂപപോലും തിരികെ ലഭിച്ചില്ല. ഇതുവരെ എട്ടു പേർക്കാണ് ബാങ്ക് തട്ടിപ്പ് കാരണം ദുരിതം അനുഭവിച്ച് മരിക്കേണ്ടി വന്നത്.

നിരവധി പേരാണ് രോഗശയ്യയില്‍ കിടക്കുന്നത്. 65 വയസ്സ് പിന്നിട്ടവരാണ് നിക്ഷേപകരില്‍ 60 ശതമാനത്തിന് മുകളിലും. 2016 ഡിസംബറിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭരണസമിതി ഭരിച്ചുകൊണ്ടിരുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കി‍െൻറ തഴക്കരശാഖയില്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്ത് വരുന്നത്.

38 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ 60 കോടിക്ക് മുകളിലേക്ക് അത് ഉയരാമെന്നാണ് സഹകരണ വകുപ്പ് തന്നെ വ്യക്തമാക്കിയത്.വ്യാജവായ്പകള്‍ നല്‍കിയും ഉരുപ്പടികളില്ലാതെ സ്വര്‍ണവായ്പ നല്‍കിയും മറ്റുമാണ് ഇവിടെ തട്ടിപ്പ് നടത്തിയിരുന്നത്.

Tags:    
News Summary - Mavelikkara Taluk Co-operative Bank Fraud: No more Thyagarajan to wait for deposit money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.