മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയില്ല. 2017 മാർച്ചിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതിനകം ഏഴ് ഡിവൈ.എസ്.പിമാർ അന്വേഷിച്ചു.നിക്ഷേപകർ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിക്കുകയായിരുന്നു ആദ്യം.
എന്നാൽ, ഫോറൻസിക് ലാബിലെ പരിശോധനക്കടക്കം കൂടുതൽ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിലും സെക്രട്ടേറിയറ്റുപടിക്കലും സമരം നടത്തിയിരുന്നു.
ബാങ്കിൽ പുതിയ ഭരണസമിതി വന്നെങ്കിലും നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ നടപടിയുണ്ടായില്ല. ബാങ്കിനെ രക്ഷിക്കാൻ സഹകരണ വകുപ്പ് ഇടപെട്ട് സഹകരണ സ്ഥാപനങ്ങളുടെ കൺസോർട്ട്യം രൂപവത്കരിച്ചെങ്കിലും തുടർനടപടിയില്ല.
2016 ഡിസംബറിലാണ് ബാങ്കിന്റെ തഴക്കര ശാഖയിലെ കോടികളുടെ ക്രമക്കേട് പുറത്തുവന്നത്.തഴക്കര ശാഖ മാനേജർ, രണ്ട് ജീവനക്കാർ, ബാങ്ക് സെക്രട്ടറി, അന്നത്തെ ഭരണസമിതി പ്രസിഡന്റ്, അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ 38 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
എന്നാൽ, അന്വേഷണം പൂർത്തിയാകുമ്പോൾ 60 കോടിയുടെയെങ്കിലും ക്രമക്കേടു തെളിയുമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. സ്വർണ ഉരുപ്പടിയില്ലാതെ സ്വർണപ്പണയ വായ്പ നൽകി, അപേക്ഷയോ ഈടായി പ്രമാണങ്ങളോ വാങ്ങാതെ വ്യാജപ്പേരുകളിൽ വായ്പ അനുവദിച്ചു തുടങ്ങി പല മാർഗങ്ങളിലായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.