തൃത്താല: ഹാട്രിക് വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാമിനെ മുട്ടുകുത്തിച്ച് എം.ബി. രാജേഷിന്‍റെ അശ്വമേധം. തൃത്താല തിരിച്ചുപിടിക്കാൻ പ്രമുഖ യുവനേതാവിനെ തന്നെ കളത്തിലിറക്കിയുള്ള സി.പി.എം പരീക്ഷണം വിജയം കണ്ടു. ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് തൃത്താലയിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ അജയ്യനായി മുന്നേറിയ ബൽറാം, എം.ബി. രാജേഷ് എന്ന കരുത്തനു മുൻപിൽ അടിയറവ് പറഞ്ഞത്. എണ്ണയിട്ട യന്ത്രംപോെല കർമനിരതരായ ഇടത് മെഷിനറിക്ക് മുൻപിൽ ബൽറാമിനും കൂട്ടർക്കും തോൽവി വഴങ്ങേണ്ടിവന്നു.
2019ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ എംബി. രാജേഷ് വി.കെ. ശ്രീകണ്ഠനോട് പരാജയം ഏറ്റുവാങ്ങിയിരുന്നങ്കിലും അത് ശബരിമലവിഷയവുമായി ബന്ധപ്പെട്ട്, ഇടതിനെതിരെ വീശിയടിച്ച ജനവികാരത്തിെൻറ പ്രതിഫലനമായിട്ടാണ് വിലയിരുത്തപ്പെട്ടത്. ബൽറാമിനെതിരെ തൃത്താലയിൽ എം.ബി. രാജേഷ് നേടിയ മിന്നും വിജയം അദ്ദേഹത്തിെൻറ വ്യക്തിപ്രഭാവത്തിെൻറ തെളിവായിട്ടും വിലയിരുത്തപ്പെടും. പാർലമെൻറിൽ തിളങ്ങിയ മുൻ എം.പി എന്ന നിലയിൽ യുവവോട്ടർമാർക്കിടയിൽ ലഭിച്ച സ്വീകാര്യതയും രാജേഷിന് അനുകൂലമായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭാര്യക്ക് കാലടി സർവകലാശാലയിൽ നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദവും മറികടന്നാണ് ഈ വിജയമെന്നത് രാജേഷിന് അഭിമാനിക്കത്തക്കതായി.
ബി.ജെ.പി, എസ്.ഡി.പി.ഐ എന്നിവയുടെ വോട്ടുകള്‍ മണ്ഡലത്തിൽ നിർണായകമായിരുന്നു. തൃത്താല, നാഗലശ്ശേരി, പരുതൂര്‍, തിരുമിറ്റകോട് പഞ്ചായത്ത് പൂർണമായും എല്‍.ഡി.എഫ് വോട്ടുകള്‍ കൂടെനിന്നതും ഇടതിന് വിജയം എളുപ്പമാക്കി. സി.പി.എം യുവ നേതൃനിരയിലെ പ്രബലനായ എം.ബി. രാജേഷിന്‍റെ വിജയത്തിലൂടെ തുടര്‍ഭരണ ഘട്ടത്തില്‍ ഒരുപക്ഷേ തൃത്താലക്ക് മന്ത്രി പരിവേഷം കൂടി ലഭ്യമാവും.
ഫേസ്ബുക്കിൽ സ്ഥിരമായി രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നെഴുതുന്ന വി.ടി ബൽറാം സി.പി.എം സൈബർ പോരാളികളുമായി നിരന്തരം പോരാടിയിരുന്നു. സി.പി.എമ്മിന്‍റെ സ്ഥാപക നേതാക്കളിലൊരായ എ.കെ ഗോപാലനെതിരെയുള്ള ബൽറാമിന്‍റെ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് സി.പി.എം എന്തുവിലകൊടുത്തും ബൽറാമിനെ തോൽപ്പിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതായിരുന്നു. കെ.ആർ മീര അടക്കമുള്ള സാംസ്കാരിക നേതാക്കളെ അണിനിരത്തി ബൽറാമിനെതിരെ വിപുലമായ കാമ്പയിനായിരുന്നു എൽ.ഡി.എഫ് നടത്തിയിരുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിൽ പാലക്കാട് മണ്ഡലത്തിൽ അടിപതറിയ എം.ബി രാജേഷിന്‍റെ കേരള രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.