കൊച്ചി: വനിതകളടക്കം 12 മാധ്യമ പ്രവര്‍ത്തകരെ ഒരുവിഭാഗം അഭിഭാഷകര്‍ എറണാകുളം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്ന് ഇറക്കിവിട്ടു. പ്രമാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസിന്‍െറ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോടതി മുറിയില്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ച ഇരിപ്പിടങ്ങളില്‍നിന്ന് ഇറക്കിവിട്ടത്.
ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന ജില്ല കോടതി മന്ദിരം ഉദ്ഘാടനം, ഹൈകോടതി വജ്രജൂബിലി ആഘോഷം എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയില്ളെന്നാരോപിച്ചായിരുന്നു ഇറക്കിവിടല്‍. കോടതി ആഘോഷവാര്‍ത്ത ഇന്ന് എല്ലാ പത്രങ്ങളും നല്‍കിയിരുന്നു.‘നിങ്ങള്‍ക്ക് ഇവിടെയിരിക്കാന്‍ അവകാശമില്ളെന്നും ഇറങ്ങിപ്പോകണമെന്നും’ പറഞ്ഞ് അഭിഭാഷകര്‍ വാശിപിടിച്ചപ്പോള്‍ ജില്ല ജഡ്ജി പറഞ്ഞാല്‍, ഇറങ്ങാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ജഡ്ജിയല്ല, ഞങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു അഭിഭാഷകരുടെ മറുപടി. ചൊവ്വാഴ്ച പത്രങ്ങളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്ത് പ്രസിദ്ധീകരിച്ചതിനെതിരെയും ഇവര്‍ രൂക്ഷമായി പ്രതികരിക്കുന്നുണ്ടായിരുന്നു.
ജില്ല ജഡ്ജിയെ കാണാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശ്രമം ചേംബറിന് മുന്നില്‍ നിരന്നുനിന്ന് ഇവര്‍ തടഞ്ഞു. നിങ്ങള്‍ വേണമെങ്കില്‍ പോയി സെബാസ്റ്റ്യന്‍ പോളിനെ കണ്ടുകൊള്ളൂ എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ജില്ല ജഡ്ജിയെ കാണാന്‍ ശിരസ്തദാര്‍വഴി മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് ശിരസ്തദാറും അഭിപ്രായപ്പെട്ടതോടെ ഉച്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍നിന്ന് ഇറങ്ങുകയായിരുന്നു. ജിഷ കേസ് ബുധനാഴ്ച പരിഗണനക്കെടുക്കുമെന്ന് അറിഞ്ഞ് രാവിലെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തക കോടതി മുറിയില്‍ ഇരുന്നയുടന്‍ ചില അഭിഭാഷകര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ നിന്ന്് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഉച്ചവരെ കുഴപ്പങ്ങളുണ്ടായില്ല.
ഉച്ചഭക്ഷണത്തിനുശേഷം കോടതി ചേരുന്നതിന് തൊട്ട് മുമ്പാണ് വീണ്ടും പ്രശ്നമുണ്ടായത്. പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ ഇരുന്ന മാധ്യമ പ്രവര്‍ത്തകരോട് സംഘടിതമായത്തെിയ അഭിഭാഷകര്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഘര്‍ഷമുണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹവും കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. ശിരസ്തദാര്‍ എന്താണോ പറയുന്നത് അത് അനുസരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. ഈ സമയം സ്ഥലത്തത്തെിയ ശിരസ്തദാര്‍ പ്രശ്നം വഷളാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കോടതി മുറിയില്‍നിന്ന് പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.