തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദം അന്വേഷിക്കുന്ന വിജിലൻസിന് മുന്നിൽ ഹാജരാകുന്നതിന് പാർട്ടി അന്വേഷണ കമീഷൻ അംഗങ്ങൾ സാവകാശംതേടി. കമീഷൻ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ശ്രീശനും സെക്രട്ടറി എ.കെ. നസീറുമാണ് വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ്-II എസ്.പി കെ. ജയപ്രകാശ് മുമ്പാകെ മൊഴിനൽകാൻ രണ്ടാഴ്ചത്തെ സാവകാശം തേടിയത്. ചൊവ്വാഴ്ച രാവിലെ ഹാജരാകാമെന്നാണ് ഇരുവരും വിജിലൻസിനെ അറിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാവിലെയോടെ ഇരുവരും സാവകാശംതേടുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആഗസ്റ്റ് 21ന് ശ്രീശനോടും നസീറിനോടും മൊഴിനൽകാൻ എത്തണമെന്ന് വിജിലൻസ് നിർദേശിച്ചിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോട് ഈമാസം 22ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയും ഡൽഹിയിൽ കുമ്മനത്തിെൻറ സഹായിയുമായ സതീഷ് നായർ 24ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകും. കോഴ ഇടപാടിൽ സതീഷ് നായരാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് ബി.ജെ.പി അന്വേഷണ കമീഷൻ പാർട്ടി നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി വാങ്ങിനല്‍കാമെന്ന് വാഗ്ദാനംചെയ്ത് വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ആർ. ഷാജിയില്‍നിന്ന് 5.60 കോടി രൂപ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് കേസ്.
ആർ. ഷാജി കുമ്മനം രാജശേഖരന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി. ശ്രീശനെയും എ.കെ. നസീറിനെയും ചുമതലപ്പെടുത്തിയത്. തുടർന്ന് പരാതി അന്വേഷിച്ച കമീഷൻ ആരോപണത്തിൽ കഴമ്പുണ്ടെന്നും ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്.എസ്. വിനോദ് കോഴ വാങ്ങിയതായും സ്ഥിരീകരിച്ചിരുന്നു. പണം വാങ്ങിയതായി അന്വേഷണ കമീഷൻ മുമ്പാകെ സമ്മതിച്ച വിനോദ് വാങ്ങിയ തുക കുഴല്‍പണമായി ഡല്‍ഹിയില്‍ എത്തിെച്ചന്ന് വെളിപ്പെടുത്തുകയുംചെയ്തു.
അന്വേഷണ കമീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ആർ.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മുൻ കൗൺസിലർ എ.ജെ. സുക്കാർണോ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സുക്കാർണോയുടെയും ആർ.എസ്. വിനോദിെൻറയും മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.