എസ്.ഹരീഷിന്‍റെ നോവൽ മീശക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പുരസ്കാര ദാനം കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നാണെന്ന് സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഒരു വിഭാഗത്തെ അധിക്ഷേപിക്കാൻ എഴുതിയ നോവലാണത്. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്‍റെ അതേ പ്രതികാര മനോഭാവം തന്നെയാണ് ഈ വിഷയത്തിലും കണ്ടിരിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കാൻ പിണറായി വിജയൻ കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണിത്' -സുരേന്ദ്രൻ പറഞ്ഞു.
സാഹിത്യ അക്കാദമി സി.പി.എമ്മിന്‍റെ ഒരു ഉൾപ്പാർട്ടി സംഘടനയായി മാറിയിരിക്കുകയാണ്. അർബൻ നക്സലുകളേയും ദേശവിരുദ്ധരേയും തിരുകി കയറ്റാനുള്ള സ്ഥലമായി അക്കാദമി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവൽ വിഭാഗത്തിലാണ് ഹരീഷിന്‍റെ മീശ ഇടംപിടിച്ചത്. അക്കാദമിയുടെ 2019ലെ വിശിഷ്ടാംഗത്വത്തിന് പി. വത്സലയും എൻ.വി.പി. ഉണിത്തിരിയും അർഹരായി. സമഗ്ര സംഭാവന പുരസ്കാരത്തിന് ദലിത് ബന്ധു എൻ.കെ. ജോസ്, യു. കലാനാഥൻ, സി.പി. അബൂബക്കർ, റോസ് മേരി, പാലക്കീഴ് നാരായണൻ, പി. അപ്പുക്കുട്ടൻ എന്നിവർ അർഹരായതായും അക്കാദമി അറിയിച്ചു. കവിത -പി. രാമൻ (രാത്രി പന്തണ്ടരക്ക് ഒരു താരാട്ട്), എം.ആർ. രേണുകുമാർ (കൊതിയൻ), ചെറുകഥ -വിനോയ് തോമസ് (രാമച്ചി), നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ) എന്നിവർക്കും പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.