കോഴിക്കോട്: ബി.ജെ.പിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിെൻറ ഭാഗമായി ആശംസകൾ നേരാനായി താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘത്തിനും ചിരിയടക്കാനായില്ല. അതിലേക്ക് നയിച്ചതിങ്ങനെ: ഉപഹാരങ്ങൾ നൽകി പരിചയപ്പെട്ടു. തുടർന്ന്, സുരേന്ദ്രൻ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തി. ഇതിനിടെ, സംസ്ഥാനത്തെ ക്രൃസ്ത്യൻ വീടുകൾ സന്ദർശിക്കുന്നതിനെ കുറിച്ച് സുരേന്ദ്രൻ അറിയിച്ചു. ഈ വേളയിൽ നൽകുന്ന ആശംസ കാർഡ് ബിഷപ്പിന് നൽകി. ഉടൻ വന്നു മറയില്ലാതെ ബിഷപ്പിന്റെ ചോദ്യം, എങ്ങനെയാ നിങ്ങളുടെ സ്ട്രാറ്റജി, ലോക് സഭ... റബ്ബറിന് വിലക്കൂട്ട്... കാര്യങ്ങൾ ഞങ്ങൾ പറഞ്ഞുതരാം. ഞങ്ങൾ കർഷകർക്ക് ജീവിക്കണം. മോദിജിയോട് പറ.. ഇത്, കേട്ടതോടെ സുരേന്ദ്രന് സംഘത്തിനും ചിരിയടക്കാനായില്ല. മെയ് മാസത്തോടെ വിലയിൽ മാറ്റം വരുമെന്നാണ് സുരേന്ദ്രെൻറ ഉറപ്പ്.
എന്നാൽ, ബിഷപ്പിനെ സന്ദർശിച്ച ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനനുകൂലമായ ജനവികാരം ശക്തമാണ്. കർഷക താൽപര്യം ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെങ്കിൽ കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. ഈ വ്യത്യാസം കർഷകർക്കറിയാം. സഭകൾക്കും അതറിയാം. വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിലുള്ളതെന്ന് എല്ലാവർക്കുമറിയാം.
ബി.ജെ.പി കൊമ്പന്മാരെ പ്രതീക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയല്ലെന്ന് കെ.സുധാകരന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. സുധാകരൻ താൻ സ്വയം അരിക്കൊമ്പനാണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം. നിലപാടുകളാണ് പ്രശ്നം. ശക്തമായ നിലപാടുള്ളവർക്ക് ബി.ജെ.പിയിലേക്ക് വരാം. കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. എ.കെ.ആന്റണിയുടെ പുത്രന് പോലും കോൺഗ്രസ് എന്നു പറയുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിന് കെ.സുധാകരൻ ഞങ്ങളോട് കയർത്തിട്ടെന്താണ് കാര്യം.കോൺഗ്രസും രാഹുൽ ഗാന്ധിയും കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കാണുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ സമ്പൂർണ തകർച്ച അനിവാര്യമായി. കേരളത്തിലും കോൺഗ്രസ് തകർന്ന് തരിപ്പണമാവും. അത് മറ്റാരെക്കാളും സുധാകരനറിയാം.
ജില്ല പ്രസിഡൻറ് അഡ്വ.വി.കെ. സജീവൻ, മേഖല സെക്രട്ടറി എം.സി. ശശീന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി,മണ്ഡലം പ്രസിഡൻ്റ് ഷാൻ കരിഞ്ചോല,മണ്ഡലം ജനറൽസെക്രട്ടറി വത്സൻ മേടോത്ത്,ഏരിയാ പ്രസിഡണ്ട് ബബീഷ് എ.കെ എന്നിവർ സംബന്ധിച്ചു. ബിഷപ്പിനോടൊപ്പം രൂപതാ ചാൻസലർ ഫാ.ബെന്നി മുണ്ടനാട്ടും കെ.സുരേന്ദ്രനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.