കണ്ണൂർ: സി.പി.എമ്മിന്‍റെ 23ാമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ അരങ്ങുണരുമ്പോൾ മുതിർന്ന കമ്യൂണിസ്റ്റ് ബർലിൻ കുഞ്ഞനന്തൻ നായരുടെ ഓർമകളിൽ ഒന്നാം പാർട്ടി കോൺഗ്രസാണ്. 1943ൽ മുംബൈയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരിൽ സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് 95 പിന്നിട്ട ബർലിൻ.
കണ്ണൂരിലെ നാറാത്തെ വീട്ടിൽ കഴിയുമ്പോൾ അദ്ദേഹത്തിന്‍റെ അന്നത്തെ ഓർമകൾക്ക് മങ്ങൽ ഒട്ടുമില്ല. ബാലഭാരതസംഘം പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ബർലിന് അന്ന് 16 വയസ്സ്. ചിറക്കൽ രാജാസ് സ്കൂളിൽ വിദ്യാർഥിയായിരുന്നു. കണ്ണൂർ ജയിലിൽ കയ്യൂർ രക്തസാക്ഷികൾ കഴുവേറ്റപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ബോംബെ പാർട്ടി കോൺഗ്രസ്. നാടിനുവേണ്ടി കൊലമരമേറിയ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ, പെടോര കുഞ്ഞമ്പു നായർ എന്നിവർക്ക് അഭിവാദ്യമർപ്പിച്ച് സമ്മേളനം പ്രമേയം പാസാക്കി. കെ.പി.ആർ. ഗോപാലനായിരുന്നു പ്രമേയം അവതരിപ്പിച്ചത്. കയ്യൂർ രക്തസാക്ഷികൾക്കുവേണ്ടി സമ്മേളന വേദിയിൽ ഉയർന്ന മുദ്രാവാക്യം വിളി ഓർക്കുമ്പോൾ രോഗശയ്യയിലും ആവേശഭരിതനാകുകയാണ് ബർലിൻ.
കണ്ണൂരിൽനിന്ന് മഹിളാസംഘടനയെ പ്രതിനിധാനംചെയ്ത് മുൻമന്ത്രിയും കണ്ണൂർ സ്വദേശിയുമായ കാന്തലോട്ട് കുഞ്ഞമ്പുവിന്‍റെ ഭാര്യ പി. യശോദയുമുണ്ട്. തന്നെ കൂടാതെ പഞ്ചാബിൽനിന്നുള്ള ബാബാ സോഹൻ സിങ്ങായിരുന്നു മറ്റൊരു പ്രായം കുറഞ്ഞ പ്രതിനിധി. ബി.ടി. രണദിവെ, പി.സി. ജോഷി തുടങ്ങിയ മുതിർന്ന നേതാക്കളായിരുന്നു അന്ന് പാർട്ടിയെ നയിച്ചത്. കയ്യൂർ രക്തസാക്ഷിയായിരുന്ന പെടോര കുഞ്ഞമ്പു നായരുടെ സഹോദരനും കയ്യൂർ സെൽ സെക്രട്ടറിയുമായിരുന്ന കേളു നായരാണ് ആദ്യ പാർട്ടി കോൺഗ്രസിൽ കയ്യൂർ രക്തസാക്ഷികളെ അനുസ്മരിച്ച് പ്രഭാഷണം നടത്തിയത്. കാംഗർ മൈതാനത്തിന് സമീപത്തെ എം.ആർ. ഭട്ട് സ്കൂൾ ഹാളിൽ നടന്ന സമ്മേളന ചർച്ചയിൽ മലബാർ കർഷക സമരത്തിലെ സഖാക്കളും പരാമർശ വിഷയങ്ങളായി. സമ്മേളനത്തിൽ ബാലഭാരതസംഘ പ്രമേയമാണ് ബർലിൻ അവതരിപ്പിച്ചത്. 'കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന പ്രമേയം അവതരിപ്പിക്കാൻ പി. കൃഷ്ണപിള്ളയാണ് ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.