കോഴിക്കോട്: താമരശ്ശേരിയിൽ അക്രമികൾ കാറിൽ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഷ്‌റഫ് തിരികെ എത്തി. തട്ടിക്കൊണ്ടുപോയ സംഘം തന്നെ അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ചെന്നും പിന്നീട് വഴിയരികിൽ ഉപേക്ഷിച്ചതായും തുടർന്ന് ബസ് കയറി തിരികെ എത്തുകയായിരുന്നെന്നും അഷ്‌റഫ് പറയുന്നു. ആറ്റിങ്ങൽ നിന്നാണ് ബസ് കയറിയത്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിന് ശേഷമാണ് അഷ്റഫ് തിരിച്ചെത്തുന്നത്.
ഇന്നലെ രാവിലെ അഷ്റഫിനെ വഴിയരികിൽ കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നു. മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാനായില്ല. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരിയിലെ വീട്ടിലെത്തിയത്.
ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് തിരികെ എത്തിയത്.
അഷ്‌റഫിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കരിപ്പൂർ സ്വർണക്കവർച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധുവിനുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.
തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങൾ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന്ന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണ കവർച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാൻ, മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.