അമ്പലപ്പുഴ: ക്ഷീരകർഷകരിൽനിന്ന് ശേഖരിക്കുന്ന അധിക പാൽ സംസ്കരിക്കാൻ സ്ഥാപിച്ച പൗഡർ പ്ലാൻറ് പൂട്ടിക്കെട്ടി. പുന്നപ്ര മിൽമയിൽ 1986ൽ സ്ഥാപിച്ച പ്ലാൻറിെൻറ പ്രവർത്തനമാണ് എന്നേക്കുമായി അടച്ചിട്ടത്. നിലവിൽ മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികളെ ആശ്രയിച്ചാണ് അധികമായി ഉൽപാദിപ്പിക്കുന്ന പാൽ സംസ്കരിക്കുന്നത്. ഇവിടെ പാൽ പൗഡറാക്കുമ്പോൾ ഭീമമായ നഷ്ടമാണ് മിൽമ നേരിടേണ്ടി വരുന്നത്.
കേരളത്തിൽ പാൽ ഉൽപാദനം വർധിക്കുന്ന മാസങ്ങളിൽ പൗഡറാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുന്നപ്രയിൽ പൗഡർ പ്ലാൻറ് സ്ഥാപിച്ചത്. ദിവസം ഒരു ലക്ഷം ലിറ്റർ പാൽ പൗഡറാക്കാമായിരുന്നു. പാൽ ക്ഷാമം രൂക്ഷമാകുന്ന മാസങ്ങളിൽ ഇത് വീണ്ടും പാൽ രൂപേണ കവറുകളിലാക്കി വിപണികളിൽ വിറ്റഴിച്ചിരുന്നു. എന്നാൽ, പല സാങ്കേതിക കാരണങ്ങളാലും പ്ലാൻറ് പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനായില്ല. കാലപ്പഴക്കവും പഴയസാങ്കേതിക വിദ്യയും ആരോപിച്ച് പ്ലാൻറ് അടച്ചുപൂട്ടി. മലബാർ മേഖലയിൽ പുതിയ പ്ലാൻറിന് ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിട നിർമാണം പോലും പൂർത്തിയാക്കാനായിട്ടില്ല.
പാൽ ഉൽപാദനം കുറഞ്ഞതുമൂലമാണ് പൗഡർ ഉൽപാദനം ഇടക്ക് നിർത്തിവെക്കേണ്ടി വന്നതെന്നാണ് മിൽമ അധികൃതർ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുശേഷമാണ് വീണ്ടും ഉൽപാദനം കൂടിയിരിക്കുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന പാൽ പൂർണമായും മിൽമ എടുക്കും.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും ആശുപത്രികളിലും മറ്റും പാൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.