തിരുവനന്തപുരം: ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാൽ ഇത് രണ്ടും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
11,500 കോടിരൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്നും ചോര്‍ത്തി എന്നാണിപ്പോള്‍ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പത്തുലക്ഷം കോടിയുടെ കിട്ടാക്കടം ഇരിക്കെയാണ്, ആ വന്‍കിടക്കാര്‍ക്ക് തുടര്‍ച്ചയായി ഇളവുനല്‍കിക്കൊണ്ട് സാധാരണക്കാരുടേയും അതിനു താഴെയുള്ള നിക്ഷേപകരുടെയും പണം ക്രൂരമായി ചോര്‍ത്തുന്നത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവരെ കൂടുതലായി കൊള്ളയടിക്കലാണിത്.
പത്തുലക്ഷം കോടിക്കു മുകളിലെ കിട്ടാക്കടത്തില്‍ 88 ശതമാനവും അഞ്ചുകോടിക്ക് മുകളിലുള്ള വന്‍കിടക്കാരുടേതാണ്. അവര്‍ക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളല്ല ഉള്ളത്. അവരുണ്ടാക്കിയ നഷ്ടം സാധാരണ ഉപഭോക്താക്കള്‍ തങ്ങളുടെ ചെറുനിക്ഷേപങ്ങളില്‍ നിന്നും നികത്തിക്കൊള്ളണമെന്ന് പറയുന്നതുപോലെയാണിത്.
ജന്‍ധന്‍-പെന്‍ഷന്‍ അക്കൗണ്ടുകള്‍ ഒഴികെയുള്ള സാധാരണക്കാരുടെ സകല അക്കൗണ്ടുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജിന്‍റേയും മറ്റും പേരുകളില്‍ പണം ചോര്‍ത്തുകയാണ്. സാധാരണക്കാരെ കൊണ്ടാകെ സബ്സിഡിയുടെയും മറ്റും പേരുപറഞ്ഞ് അക്കൗണ്ട് തുറപ്പിക്കുക. എന്നിട്ട്, ആ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തുക. മനുഷ്യത്വരഹിതമാണിത്. ആയിരം രൂപ മിനിമം നിക്ഷേപത്തിലുണ്ടാവണമെന്ന് നിഷ്കര്‍ഷിച്ചാല്‍ സബ്സിഡി വരവ് മാത്രമുള്ള നിക്ഷേപകന് എത്രമാസങ്ങള്‍ വേണ്ടിവരും അത്രയും തുക തികയ്ക്കാന്‍. ഗ്യാസ് അടക്കമുള്ളവയുടെ സബ്സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നൂവെന്നു പറയുന്ന ഇളവ് മറുവശത്തുകൂടി സര്‍വ്വീസ് ചാര്‍ജിനത്തില്‍ ചോര്‍ത്തുന്ന സംവിധാനമാണിത്.
മുമ്പ് ചില സ്വകാര്യ ബാങ്കുകളാണ് ഈ രീതി ആവിഷ്ക്കരിച്ചിരുന്നത്. ഇപ്പോഴിത് പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പടെ എല്ലാ ബാങ്കുകളും പകര്‍ത്തിയിരിക്കുന്നു. സമ്പന്നവര്‍ഗ്ഗമൊഴികെയുള്ളവരെ ചൂഷണം ചെയ്യുക എന്ന നയമാണിത്. തീര്‍ത്തും ജനവിരുദ്ധ നയം. ഇത് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.