തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ വിളിച്ച പ്രത്യേക സെനറ്റ് യോഗത്തിൽ ബഹളവും നാടകീയ രംഗങ്ങളും. പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെച്ചൊല്ലി മന്ത്രിയും വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലും തമ്മിൽ വാഗ്വാദം.
മന്ത്രിയുടെ നടപടിയെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും ചോദ്യംചെയ്തു. സർവകലാശാല നിയമഭേദഗതി സംബന്ധിച്ച ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതും സെർച് കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച് യു.ജി.സി റെഗുലേഷനും സർവകലാശാല നിയമവും തമ്മിൽ വൈരുധ്യമുള്ളതും പരിഗണിച്ച് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. യു.ജി.സി റെഗുലേഷൻ പ്രകാരമായിരിക്കണം വി.സി നിയമനമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും ഇവർ ചൂണ്ടിക്കാട്ടി. സെർച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ അജണ്ട നിശ്ചയിച്ച് വിളിച്ച യോഗത്തിൽ മറ്റ് പ്രമേയങ്ങൾ അവതരിപ്പിക്കാനാകില്ലെന്നും അംഗത്തെ തെരഞ്ഞെടുക്കണമെന്നും കോൺഗ്രസ് അംഗങ്ങളും ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പി അനുകൂല അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ യോഗം ബഹളത്തിൽ മുങ്ങി.
ഭരണപക്ഷ പ്രമേയം ഡോ. എസ്. നസീബാണ് അവതരിപ്പിച്ചത്. 64 അംഗങ്ങൾ പിന്തുണച്ചതോടെ പ്രമേയം പാസായതായും യോഗം അവസാനിച്ചതായും മന്ത്രി ബിന്ദു പ്രഖ്യാപിച്ചു. ചാൻസലറുടെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടത് വൈസ് ചാൻസലറെന്ന നിലയിൽ താനാണെന്ന് ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.
ഭൂരിപക്ഷ അംഗങ്ങൾ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് മാറ്റിവെക്കണമെന്ന പ്രമേയത്തെ പിന്തുണച്ചതോടെ നിർദേശിച്ച പേരുകൾ പരിഗണിക്കാതെ യോഗം പിരിഞ്ഞതായി മന്ത്രി അറിയിക്കുകയായിരുന്നു.
പ്രത്യേക സെനറ്റ് യോഗ തീരുമാനം 10 ദിവസത്തിനകം സർവകലാശാല രജിസ്ട്രാർ ചാൻസലറായ ഗവർണറെ അറിയിക്കണം. ഇക്കാര്യത്തിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നിലപാട് നിർണായകമാകും.
അതിനിെട, യോഗത്തിന്റെ മിനിറ്റ്സ് തയാറാക്കിയ ശേഷം ഒപ്പുവെക്കാൻ ഓഫിസിലേക്കയക്കാൻ മന്ത്രി വി.സിക്കും രജിസ്ട്രാർക്കും നിർദേശം നൽകി. ചാൻസലറുടെ അഭാവത്തിലാണ് പ്രോ ചാൻസലറെന്ന നിലയിൽ അധ്യക്ഷയായതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് യോഗം ചേർന്നത്. യോഗം ചേരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും മാറ്റിവെക്കണമെന്നും ആവശ്യപ്പെടുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചതിനാൽ പ്രമേയം പാസാക്കി. പിന്നീട് യോഗത്തിൽ ബഹളമുണ്ടായെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.