പാലാ: പാലാ ബിഷപ്പിന്റെ വംശീയ പരാമർശങ്ങളെ തുടർന്നുള്ള വിവാദം അവസാനിക്കാത്ത സാഹചര്യത്തിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാരും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി മന്ത്രി വി.എൻ. വാസവൻ കൂടിക്കാഴ്ച നടത്തി. രാവിലെ 11ഒാടെ പാലാ ബിഷപ്പ് ഹൗസിൽവെച്ചായിരുന്നു കൂടിക്കാഴ്ച. എം.ജി സർവകലാശാല മുൻ വി.സി. സിറിയക് തോമസും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സഭയോടുള്ള ആദരവും ബഹുമാനവും നിലനിർത്തിയുള്ള പതിവ് സന്ദർശനമാണ് നടത്തിയതെന്ന് മന്ത്രി വി.എൻ. വാസവൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സഭയുമായും ബിഷപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ബിഷപ്പിനെ സന്ദർശിച്ചതിന് പിന്നിൽ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി വാസവൻ പറഞ്ഞു.
പാലാ ബിഷപ്പിെൻറ വംശീയ പരാമർശങ്ങളെ തുടർന്ന് ഉടലെടുത്ത ചേരിതിരിവിനിടെ സമാധാന ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി എന്നിവരെ സന്ദശിക്കുകയും ചെയ്തിരുന്നു.
മതസൗഹാർദം തകർക്കുന്ന നടപടി സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ആർച് ബിഷപ് ജോസഫ് പെരുന്തോട്ടം ഉറപ്പുനൽകിയതായി സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സമവായത്തിന് മുൻകൈയെടുക്കേണ്ട സർക്കാർ, രണ്ട് സമുദായം തമ്മിലടിക്കുന്നത് നോക്കി നിൽക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.
പാലാ ബിഷപ്പിെൻറ നർക്കോട്ടിക് ജിഹാദ് പരാമർശം, തുടർന്നുവന്ന പ്രതികരണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചിരുന്നു. സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങൾ കര്‍ക്കശമായി നേരിടാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.