ആലുവ: എടയപ്പുറത്തുനിന്ന് കാണാതായ അന്തർസംസ്ഥാന തൊഴിലാളിയുടെ മകളെ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 12 വയസ്സുകാരിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിൽനിന്നാണ് കണ്ടെത്തിയത്.
മുർഷിദാബാദിൽ ഏഴാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ അവധിക്ക് ഒരുമാസം മുമ്പാണ് മാതാവിനോടും രണ്ടാനച്ഛനോടുമൊപ്പം കഴിയാൻ വന്നത്. എടയപ്പുറം പള്ളിക്ക് സമീപമാണ് ഇവർ താമസിക്കുന്നത്. വൈകീട്ട് കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി തിരികെവന്നില്ല. ഇതേതുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടയിൽ, കുട്ടിയുടെ ആൺസുഹൃത്ത് വീട്ടുകാരെ ഫോണിൽ വിളിച്ച്, പെൺകുട്ടിയെ താൻ കൊണ്ടുപോവുകയാണെന്ന് അറിയിച്ചു. ഇയാളുടെ ഫോൺ നമ്പറിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാത്രി ഒമ്പതോടെ അങ്കമാലിയിൽ, അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. ഡിവൈ.എസ്.പി പ്രസാദിന്‍റെ നേതൃത്വത്തിൽ പൊലീസ് കുട്ടിയെ ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.