മലപ്പുറം: ജിഷ വധക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി വകുപ്പുതലത്തിൽ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ആവശ്യപ്പെട്ടു. ജേക്കബ് തോമസിനെ മാറ്റിയത് സ്വാഗതാർഹമാണ്. കോൺഗ്രസ് കുറേനാളായി ഇക്കാര്യം ആവശ്യപ്പെടുന്നതാണിതെന്നും ഇത്തരം ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മലപ്പുറത്ത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതും ശരിയായിരിക്കാമെന്നായിരുന്നു മറുപടി. പാതയോര മദ്യശാലകൾക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണ നൽകും. എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർന്നത് ഗൗരവതരമാണ്.
വിദ്യാഭ്യാസ മന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം.
മൂന്നാറിലെ കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. കുടിയേറ്റക്കാർക്ക് കൂട്ടുനിൽക്കുന്നത് സി.പി.എമ്മാണെന്നും ഹസൻ കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിന് അവരോടുള്ള നിലപാട് മുമ്പേ വ്യക്തമാക്കിയതാണെന്നും തെരഞ്ഞെടുപ്പ് വേളയിൽ ചർച്ചക്കെടുക്കേണ്ട കാര്യമില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
സാമൂഹിക, -സാംസ്കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സ്ത്രീ സംരക്ഷണ കൺവെൻഷൻ സംഘടിപ്പിക്കും. ജലദുരുപയോഗത്തിനെതിരെ സേവ് വാട്ടർ കാമ്പയിൻ നടത്തും. കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിൽ ഒരു ജലാശയമെങ്കിലും ശുദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.