സി.പി.ഐയുടെ മുതിര്‍ന്ന നേതാവായിരുന്ന സി.എ. കുര്യനെതിരെ എം.എം. മണി

മൂന്നാര്‍: സി.പി.ഐയുടെ മുതിര്‍ന്ന നേതാവായിരുന്ന സി.എ. കുര്യനെതിരെ മുൻ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണി രംഗത്ത്. മൂന്നാറില്‍ നടന്ന ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) 54 -ാമത് വാര്‍ഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് തൊഴിലാളികളോട് ആഹ്വാനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് കുര്യനെതിരെ ആഞ്ഞടിച്ചത്.

മൂന്നു തവണ പീരുമേട് മണ്ഡലത്തില്‍ നിന്നും വിജയിച്ച സി.പി.ഐ നോതാവാണ് സി.എ. കുര്യന്‍. 10ാം കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. അദ്ദേഹം 2021 മാര്‍ച്ച് 20നാണ് അന്തരിച്ചത്. 1964 -ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണ് സി.പി.എം രൂപം കൊണ്ടത്. അന്നത്തെ കമ്മിറ്റിയില്‍ സി.എ. കുര്യനുമുണ്ടായിരുന്നു. സി.പി.എമ്മിനൊപ്പം നില്‍ക്കാമെന്നാണ് അന്ന് സി.എ. കുര്യന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് കുര്യന്‍ കാലുമാറുകയായിരുന്നെന്ന് എം.എം. മണി ആരോപിച്ചു.

ആദ്യ കാലത്ത് ഇന്ത്യയില്‍ ഒറ്റ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഉണ്ടായിരുന്നത്. എല്ലാ നേതാക്കളും ഒന്നിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എ.ഐ.ടി.യു.സിക്കൊപ്പം നിന്നാണ് അന്ന് എല്ലാ യൂനിയന്‍ നേതാക്കളും പ്രവര്‍ത്തിച്ചിരുന്നത്. സി.എ. കുര്യനെ മാറ്റണമെന്നുള്ള ചര്‍ച്ചകള്‍ കമ്മിറ്റിയില്‍ നടക്കുമ്പോള്‍, അദ്ദേഹം സി.പി.എമ്മിനൊപ്പം നില്‍ക്കാമെന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് ഇങ്ങനെ ഒരു നീക്കം നടത്തിയത്.

അന്ന് മൂന്നാര്‍ സി.പി.ഐ ഓഫിസ് പിടിച്ചെടുക്കുന്നതിന് ചില നീക്കങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നിരവധി ദിവസം നീണ്ടുനിന്ന പ്രതിഷേധം പിന്നീട് കെട്ടടങ്ങി. ഇത് പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ഓര്‍മ കാണും. സി.പി.ഐ- സി.പി.എം പടലപ്പിണക്കം തുടരുന്നതിനിടെ സി.പി.ഐയുടെ മുതിര്‍ന്ന നേതാവിനെതിരെ എം.എം. മണി നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നുറപ്പാണ്.  

Tags:    
News Summary - MM Mani against CA Kurian, a senior leader of CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.