കൊച്ചി: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതോടെ വന്‍ നേട്ടം കൊയ്യുന്നത് സ്വകാര്യ പേമെന്‍റ് ആപ്ളിക്കേഷനുകള്‍. ഇന്ത്യയില്‍ ഈ രംഗത്തെ കുത്തകയായ പേ-ടി.എം ആപ്ളിക്കേഷനാണ് നോട്ടുനിരോധം കാരണം കോടിക്കണക്കിന് രൂപയുടെ ലാഭം ദിവസങ്ങള്‍ക്കുള്ളില്‍ കൊയ്തത്. നോട്ട് പിന്‍വലിച്ചതിനു ശേഷം 50 ലക്ഷം ഇടപാടുകളാണ് പേ-ടി.എം വഴി പ്രതിദിനം നടക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
അവിശ്വസനീയമായ വളര്‍ച്ചയാണ് ഈ ചെറിയ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്. പേ-ടി.എം അക്കൗണ്ടുകളില്‍ പണം ചേര്‍ത്തവരുടെ എണ്ണത്തില്‍ 1000 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. പേ-ടി.എം ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ഒരാള്‍ ഒരാഴ്ചയില്‍ ഉപയോഗിക്കുന്നത് മൂന്നില്‍നിന്ന് 18ആയി ഉയര്‍ന്നു.
മറ്റൊരു ആപായ മൊബിക്വിക്കിനും ഈ കാലയളവില്‍ വളര്‍ച്ചയുണ്ടായി. ഇംഗ്ളീഷിനൊപ്പം പ്രാദേശിക ഭാഷകള്‍ ലഭ്യമാക്കി ഉപഭോക്താക്കളെ ഉയര്‍ത്തുകയാണ് മാനേജ്മെന്‍റിന്‍െറ ലക്ഷ്യം. 24000 കോടിയുടെ ബിസിനസാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി മുതലെടുത്ത് ഇന്ത്യയിലെ 100 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളില്‍ എത്തുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. നോട്ടുകള്‍ അസാധുവാക്കിയ പിറ്റേദിവസം പേ-ടി.എം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് മാധ്യമങ്ങളില്‍ ഒന്നാം പേജ് പരസ്യം നല്‍കിയതിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.