കൊച്ചി: കോഴിക്കോട് നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഏജന്‍റുമായ മാമി എന്നറിയപ്പെടുന്ന മുഹമ്മദ് ആട്ടൂറിന്‍റെ തിരോധാനം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയും പൊലീസിന്‍റെയും വിശദീകരണം തേടി. കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് കാണാതായ സംഭവത്തിലെ പരാതിയിൽ പിറ്റേന്ന് തന്നെ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്സാന നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടുകയോ ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കുകയോ വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി ജൂലൈ 17ന് പരിഗണിക്കാൻ മാറ്റി.
റിയൽ എസ്റ്റേറ്റ് മാഫിയയാണ് മാമിയുടെ തിരോധാനത്തിന് പിന്നിലെന്ന് ഹരജിയിൽ പറയുന്നു. നിയമ വിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് വിശ്വാസം. ഭർത്താവിന്‍റെ ജീവൻ അപകടത്തിലാണെന്നും തെളിവു നശിപ്പിക്കാനുള്ള ശ്രമമുണ്ടാകുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.