കോഴിക്കോട്: കള്ളപ്പണക്കേസ്സിൽ പാർട്ടിയുടെ ഉന്നതർ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കൾ നിയമ സംവിധാനത്തെത്തന്നെ വെല്ലുവിളിക്കുകയാണെന്ന് ലോക്താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് കള്ളപ്പണ ഇടപാട് നടത്തിയവർ അതിനെതിരായ അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറയുന്നത് നിന്ദ്യമാണ്. നാളെ രാജ്യത്തെ കള്ളപ്പണ ഇടപാടുകാർ തങ്ങൾ അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചാൽ ബി.ജെ.പി അംഗീകരിക്കുമോ.
അന്വേഷണത്തിൽ അപാകതയുണ്ടെങ്കിൽ ബി.ജെ.പി നേതൃത്വം ഹൈക്കോടതിയെ സമീപിക്കാനുള്ള ആർജവം കാണിക്കണം. കള്ളപ്പണത്തിനെതിരായ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചാൽ കോടതി വടിയെടുത്ത് ഓടിക്കുമെന്ന് ഭയന്നിട്ടാണ് അങ്ങോട്ട് പോകാത്തത്.
കള്ളപ്പണ അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറയുന്നത് ഭീരുത്വമാണ്. അത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിന് ചേർന്നതല്ല. അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിച്ച് കേസ്സിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വം കള്ളപ്പണ ഇടപാട് നടത്തിയാൽ നിങ്ങളാരാ ചോദിക്കാൻ എന്ന സമീപനമാണ് സ്വീകരിക്കുന്നത്. നാളെ രാജ്യത്തെ കള്ളപ്പണക്കാർ പിടികൂടപ്പെടുമ്പോൾ അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞാൽ ബി.ജെ.പിയുടെ നിലപാട് എന്താവുമെന്നറിയാൻ താൽപര്യമുണ്ട് എന്നും സലീം മടവൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.