മലപ്പുറം: ശ്രീരാമകൃഷ്ണ മിഷെൻറ ധാർമിക പഠന പദ്ധതി പിന്തുടരാൻ ഉപദേശിച്ച് വിദ്യാലയങ്ങൾക്ക് സി.ബി.എസ്.ഇയുടെ സർക്കുലർ. ധാർമിക പഠനത്തിന് മേൽനോട്ടം വഹിക്കാൻ ശ്രീരാമകൃഷ്ണ മിഷനുമായി ധാരണപത്രം ഒപ്പുവെച്ചതായി അഫിലിയേറ്റഡ് വിദ്യാലയങ്ങളെ സി.ബി.എസ്.ഇ അറിയിച്ചു. പരമ്പരാഗതവും സാർവത്രികവുമായ മൂല്യങ്ങൾ ഉൾകൊള്ളിച്ചുള്ള ശാസ്ത്രീയ പാഠ്യപദ്ധതിയാണ് മിഷേൻറതെന്ന് സർക്കുലറിൽ പറയുന്നു. ഇതിനായി ‘അവേക്കൻഡ് സിറ്റിസൺ പ്രോഗ്രാം’ എന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്.
മിഷനുമായി നേരത്തെ തന്നെ ധാരണപത്രം ഒപ്പുവെച്ചിരുന്നെങ്കിലും വിദ്യാലയങ്ങൾക്ക് സർക്കുലർ വഴി അറിയിപ്പ് നൽകിയത് ഏതാനും ദിവസം മുമ്പാണ്. നിലവിൽ ഉത്തരേന്ത്യയിലും കർണാടകയിലുമടക്കം 1700 സർക്കാർ, സ്വകാര്യ സ്കൂളുകളിൽ മിഷെൻറ പാഠ്യപദ്ധതി നടപ്പാക്കുന്നുണ്ട്. 2014 മുതൽ നടന്നുവരുന്ന പദ്ധതിക്ക് വിദ്യാർഥകളിൽനിന്നും അധ്യാപകരിൽനിന്നും മികച്ച പ്രതികരണമാണെന്ന് സി.ബി.എസ്.ഇ പറയുന്നു. ധാർമികപഠനത്തിന് നിലവിൽ സി.ബി.എസ്.ഇ തയാറാക്കിയ മൊഡ്യൂളുകളുണ്ട്. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ മോറൽ സയൻസ് എന്നും മറ്റും പേരുകളിൽ സ്കൂളുകളിൽ ഇത് പഠിപ്പിച്ചുവരുന്നുണ്ട്.
സർക്കുലർ പ്രകാരം ചുരുങ്ങിയത് മൂന്ന് വർഷം ധാർമികപഠനം നിർബന്ധമാണ്. ആറ്, ഏഴ്, എട്ട് ക്ലാസുകളിലോ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലോ പഠിപ്പിക്കണം. 45 മിനിറ്റ് വീതമുള്ള 16 മൊഡ്യൂളുകളാണ് ഒാരോ വർഷത്തേക്കും തയാറാക്കിയിരിക്കുന്നത്. വർഷത്തിൽ 16 പിരീഡ് ഇതിന് മാറ്റിവെക്കണം. അതേസമയം, മിഷെൻറ പാഠ്യപദ്ധതി തെരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കുലറിൽ പറയുന്നു. നിലവിലുള്ളത് തുടരുന്നതിന് തടസ്സമില്ല. ഏതു വേണമെന്ന് വിദ്യാലയങ്ങൾക്ക് തിരുമാനിക്കാം.
രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശ്രീരാമകൃഷ്ണ മിഷൻ പരിശീലനം നൽകും. റിസോഴ്സ് ബുക്കും ടീച്ചർ ട്രെയിനിങ് മൊഡ്യൂളും മിഷൻ നൽകും. സ്വാമി വിവേകാനന്ദെൻറ ജീവിതത്തെ ആസ്പദമാക്കിയും മിഷനിലെ മുതിർന്ന സന്യാസിമാരുടെ ഉപദേശങ്ങൾക്ക് അനുസരിച്ചും തയാറാക്കിയതാണ് പാഠ്യപദ്ധതിയെന്ന് http://theawakenedcitizen.org/ എന്ന വെബ്സൈറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.