ഷബ്നയുടെ മരണം: ഭർതൃ മാതാവ് പിടിയിൽ

കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ ഷബ്ന എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃ മാതാവ് പിടിയിൽ. ഭർത്താവ് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്‍റെ മാതാവ് തണ്ടാർക്കണ്ടി നബീസയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നബീസയെ കോഴിക്കോട്ടെ ലോഡ്ജിൽനിന്നാണ് പിടികൂടിയത്. ഷബ്നയുടെ ഭർത്താവ് ഹബീബ്, ഭർതൃ സഹോദരി, ഭർതൃ പിതാവ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസിൽ ഹബീബിന്‍റെ അമ്മാവൻ കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫ റിമാൻഡിലാണ്.

അരൂരിലെ കുനിയിൽ പുളിയംവീട്ടിൽ അമ്മദ് - മറിയം ദമ്പതികളുടെ മകളായ ഷെബ്ന (30) ആണ് മരിച്ചത്. 2010ലായിരുന്നു ഷെബ്നയുടെയും ഹബീബിന്‍റെയും വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബ്ന തൂങ്ങി മരിച്ചത്. പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറി താമസിക്കാൻ ഷെബ്ന തീരുമാനിച്ചെങ്കിലും സ്വർണം അടക്കമുള്ളവ തിരികെ നൽകാർ ഭർത്താവിന്‍റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധിക്ഷേപിച്ചെന്നും ബന്ധുക്കൾ പറയുന്നു.

അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണം ഗാർഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തു വന്നു. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവൻ സ്വർണം നൽകിയാണ് യുവതിയെ വിവാഹം കഴിച്ചു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു.

പൊലീസ് ഷെബ്നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഉമ്മ മുറിക്കകത്തു കയറി വാതിൽ അടച്ചപ്പോൾ രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും വീട്ടിലുള്ളവർ ഒന്നും ചെയ്തില്ലെന്ന് ഷെബിനയുടെ മകൾ പൊലീസിന് മൊഴി നൽകി. വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഷെബിന വാതിലടച്ച വിവരം മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. കൂടാതെ, ഷെബിന മുറിയിൽ കയറിയ വിവരം ഭർത്താവിന്‍റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണിൽ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഷബ്നയെ ഹനീഫയും ഹബീബിന്‍റെ മാതാവും സഹോദരിയും ചേർന്ന് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Tags:    
News Summary - mother-in-law arrested in Shabna Death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.