തിരുവനന്തപുരം: നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതയിലെ കുഴികൾക്ക് പൂർണ ഉത്തരവാദികൾ കരാറുകാരാണ്. അത്തരം കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. അതുപോലെ കേന്ദ്ര സർക്കാറും ചെയ്യണം. കേന്ദ്രം എന്തിനാണ് കരാറുകാരെ ഭയക്കുന്നത്? ദേശീയപാതയിലെ പ്രശ്നത്തിന് പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്.
അപകടം നടന്ന സ്ഥലത്തിന്‍റെ പ്രശ്നം കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. ദേശീയപാതയിലെ കുഴിയടക്കാൻ സംസ്ഥാനത്തിന് സാധിക്കില്ല. ബന്ധപ്പെട്ട കരാറുകാർക്കെതിരെ കേസെടുക്കണം. ദേശീയപാത വികസന അതോറിറ്റി ഉദ്യോഗസ്ഥർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 2025ഓടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കാൻ ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിലാണ്. ആകെ 5,600 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും കൃത്യമായ അവലോകനം നടത്തിയുമാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 73.72 കിലോമീറ്റർ ദേശീയപാതയുടെ പ്രവൃത്തി പുരോഗതി നേരിട്ടെത്തി മന്ത്രി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.