കരിപ്പൂര്‍: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ കരിപ്പൂരിലെ ‘വെളിച്ചം’ നഗറില്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് പ്രൗഢ തുടക്കം. ഫലസ്തീന്‍ എംബസി പൊളിറ്റിക്കല്‍ ആൻഡ് മീഡിയ കോണ്‍സലര്‍ ഡോ. അബ്ദു റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്തു. അവശതയനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഇന്ത്യയും കേരളവും നല്‍കുന്ന സ്‌നേഹവും പിന്തുണയും ഐക്യദാര്‍ഢ്യവും ഏറെ ആവേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഞാനിവിടെ സംസാരിക്കുമ്പോൾ എെൻറ കുടുംബം ഇസ്രായേൽ ഭീഷണിയിൽ ഗസ്സയിൽ കഴിയുകയാണ്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധിയുടെ കാലം മുതല്‍ സ്വതന്ത്ര ഫലസ്തീന് ഇന്ത്യ നല്‍കിയ പിന്തുണ പിന്നീട് വന്ന നേതാക്കളും തുടർന്നു. കേരളവും ഫലസ്തീനും തമ്മിലും നല്ല ബന്ധം തുടർന്നുപോന്നു. ജീവിക്കാനായി പോരാടുന്ന ഫലസ്തീന്‍ ജനതക്ക് നല്‍കുന്ന പിന്തുണയിൽ സന്തോഷവും കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾക്ക് സമാനമായ ദുരവസ്ഥയാണ് ഇന്ത്യയിലും നടക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു. ഭരണഘടന സംരക്ഷണം നൽകിയ നിയമങ്ങൾക്ക്പോലും പുല്ലുവില കൽപ്പിക്കുന്നതാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് നൽകിയ അനുമതി തെളിയിക്കുന്നത്. മുസ്ലിംകളെ ശത്രുക്കളാക്കി ചിത്രീകരിക്കുന്ന ചരിത്രത്തിന് തുടക്കമിട്ടത് ബ്രിട്ടീഷുകാരാണ്. മതനിരപേക്ഷ കക്ഷികൾ ആത്മാർഥമായി ഒന്നിച്ച് പ്രവർത്തിച്ചാൽ ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനാവുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒരു പള്ളി തകർത്ത് ക്ഷേത്രം സ്ഥാപിക്കുയെന്നതല്ല ഒരു യഥാർഥ ഹിന്ദുവിന്റെ ലക്ഷ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളി നേരിടാൻ കമ്യൂണിസ്റ്റുകാരനായ ഞാൻ നിങ്ങളുമായും ആരുമായും കൂട്ടുകൂടാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവികത വെല്ലുവിളി നേരിടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഇന്ത്യയുടെ മഹത്തായ ഭരണഘടന ഇപ്പോഴില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മാനവികതയും മതേതരത്വവും രാജ്യത്ത് തുടരണമെങ്കിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ.എല്‍.പി യൂസുഫ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, ആത്മദാസ് യമി, ഫാദര്‍ സജി വര്‍ഗീസ്, ചെറുവയല്‍ രാമന്‍, രമേശ് ജി. മേത്ത, എന്‍.കെ. പവിത്രന്‍ തുടങ്ങിയവരും സംസാരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആയിരങ്ങള്‍ പങ്കെടുത്ത ഉദ്ഘാടനസമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 45 സെഷനുകളിലായി മുന്നൂറോളം പേര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.